റിച്ച ഘോഷ്
ക്വീന്‍സ്ടൗണ്‍: ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടെങ്കിലും അഭിമാന നേട്ടവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ്. ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വനിതാതാരം നേടുന്ന അതിവേഗ അര്‍ധസെഞ്ചുറി എന്ന റെക്കോഡ് റിച്ച സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.
ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ വെറും 26 പന്തുകളില്‍ നിന്നാണ് റിച്ച അര്‍ധശതകം കുറിച്ചത്. നാല് ഫോറുകളും നാല് സിക്സുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 52 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്കോററായാണ് റിച്ച ക്രീസ് വിട്ടത്.
2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ വേദ കൃഷ്ണമൂര്‍ത്തി നേടിയ അര്‍ധശതകത്തിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി. അന്ന് 32 പന്തുകളില്‍ നിന്നാണ് വേദ കൃഷ്ണമൂര്‍ത്തി അര്‍ധശതകം നേടിയത്.
ഇതോടൊപ്പം മറ്റൊരു റെക്കോഡും റിച്ച സ്വന്തമാക്കി. ന്യൂസീലന്‍ഡില്‍ ഒരു വനിതാ താരം നേടുന്ന അതിവേഗ അര്‍ധശതകം എന്ന റെക്കോഡും റിച്ച സ്വന്തം പേരിലാക്കി. 28 പന്തുകളില്‍ നിന്ന് അര്‍ധശതകം നേടിയ അമേലിയ കേറിന്റെ റെക്കോഡാണ് റിച്ച മറികടന്നത്.
മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും റിച്ചയുടെ ഇന്നിങ്സ് ലോകശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ റിച്ചയുള്പ്പെടെ ആകെ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. നാലാം ഏകദിനത്തിലും വിജയിച്ച് ആതിഥേയരായ ന്യൂസീലന്‍ഡ് പരമ്പരയില്‍ 4-0 ന് മുന്നിലെത്തി.
Content Highlights: Richa Ghosh registers fastest fifty for Indian batter in ODIs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..