ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മാറ്റിവെച്ച അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ കാര്യത്തിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. മാറ്റിവെച്ച മത്സരം അടുത്ത വര്‍ഷം ജൂലായ് ഒന്നിന് നടത്തുമെന്ന് ഇംഗ്ലണ്ട് ആന്റ്‌ വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. അഞ്ചാം ടെസ്റ്റിനു മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ മത്സരം നടത്തുന്നതില്‍ ഇന്ത്യന്‍ ടീം വിമുഖത അറിയിക്കുകയായിരുന്നു. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. ഈ മത്സരത്തിന്റെ കാര്യത്തില്‍ പിന്നീട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 

മത്സരം റദ്ദാക്കുന്നതില്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ചര്‍ച്ചകളെ തുടര്‍ന്ന് മത്സരം അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ പരമ്പരയ്ക്കു മുമ്പ് നടത്താന്‍ തീരുമാനമായത്. 

വരുന്ന ജൂലായില്‍ ഇരു ടീമുകളും ഇംഗ്ലണ്ടില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20-യും അടങ്ങിയ പരമ്പര കളിക്കുമെന്ന് ഇസിബി നേരത്തെ അറിയിച്ചിരുന്നു.

Content Highlights: rescheduled england vs india 5th test to be played in July 2022