ലണ്ടന്‍: പന്ത് ചുരണ്ടല്‍ വിവാദത്തിലെ ഒരു വര്‍ഷത്തെ വിലക്കിനു ശേഷമുള്ള മടങ്ങിവരവ് സ്മിത്ത് ബാറ്റുകൊണ്ട് ആഘോഷിക്കുകയായിരുന്നു. ആദ്യം പരിഹസിച്ച ഇംഗ്ലീഷ് കാണികള്‍ അവസാന ഇന്നിങ്സില്‍ നിറഞ്ഞ കൈയടികളോടെയാണ് സ്മിത്തിനെ യാത്രയാക്കിയത്.

ആഷസിലെ ഏഴ് ഇന്നിങ്സുകളില്‍ നിന്നായി 110.57 ശരാശരിയില്‍ ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 774 റണ്‍സാണ് ഈ 30-കാരന്‍ അടിച്ചുകൂട്ടിയത്. ഒരു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് വിരാട് കോലിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സ്മിത്തിന് വേണ്ടിവന്നത് വെറും മൂന്നേ മൂന്ന് ഇന്നിങ്സുകള്‍ മാത്രവും.

144, 142, 92, 211, 82, 80, 23 എന്നിങ്ങനെയാണ് ഈ ആഷസില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. സ്മിത്തിന്റെ ബാറ്റുകൊണ്ടുള്ള ഈ തേരോട്ടത്തില്‍ തകര്‍ന്ന റെക്കോഡുകള്‍ ഇവയാണ്.  

Records broken by Steve Smith in Ashes 2019

1. 1994-ന് ശേഷം ടെസ്റ്റ് പരമ്പരയില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന റണ്‍നേട്ടവും സ്മിത്തിന്റെ പേരിലായി. 25 വര്‍ഷങ്ങള്‍ മുന്‍പ് ബ്രയാന്‍ ലാറ കുറിച്ച 778 റണ്‍സിനു ശേഷം ഒരു താരത്തിന്റെ മികച്ച പ്രകടനമാണിത്.

2. റണ്‍വേട്ടയില്‍ ഈ നൂറ്റാണ്ടിലെ സ്വന്തം റെക്കോഡും സ്മിത്ത് തിരുത്തി. ആഷസിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 110.57 ശരാശരിയില്‍ 774 റണ്‍സാണ് ഈ 30-കാരന്‍ അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്കെതിരേ 2014-15 വര്‍ഷത്തില്‍ നടന്ന പരമ്പരയില്‍ നേടിയ 769 റണ്‍സെന്ന സ്വന്തം റെക്കോഡ് തന്നെയാണ് സ്മിത്ത് തിരുത്തിയത്.

3. ആഷസില്‍ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായി പത്തു അര്‍ധ സെഞ്ചുറികളും സ്മിത്ത് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ മറ്റൊരു താരവും എതിര്‍ ടീമിനെതിരെ തുടര്‍ച്ചയായി ഇത്രയും അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായി ഒമ്പത് അര്‍ധ സെഞ്ചുറികള്‍ നേടിയ ഇന്‍സമാം ഉള്‍ ഹഖിന്റെ റെക്കോര്‍ഡാണ് സ്മിത്ത് തകര്‍ത്തത്.

4. ഒരു ആഷസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും സ്മിത്തിനായി. 1989-ന് ശേഷം ആഷസിലെ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടയും ഇതുതന്നെ. ഡോണ്‍ ബ്രാഡ്മാന്‍ 974 (1930), വാലി ഹാമണ്ട് 905 (1928), മാര്‍ക്ക് ടെയ്ലര്‍ 839 (1989), ഡോണ്‍ ബ്രാഡ്മാന്‍ 810 (1936) എന്നിവരാണ് സ്മിത്തിനു മുന്നിലുള്ളത്.

5. ടെസ്റ്റ് പരമ്പരകളില്‍ ഒന്നിലേറെ തവണ 700 റണ്‍സിലേറെ നേടുന്ന താരമെന്ന നേട്ടവും സ്മിത്ത് സ്വന്തമാക്കി. ഡോണ്‍ ബ്രാഡ്മാന്‍, സുനില്‍ ഗാവസ്‌ക്കര്‍, ബ്രയാന്‍ ലാറ, എവര്‍ട്ടണ്‍ വീക്കിസ്, ഗാരി സോബേഴ്സ് എന്നിവരാണ് നേരത്തെ ഈ നേട്ടം പിന്നിട്ടവര്‍.

Content Highlights: Records broken by Steve Smith in Ashes 2019