ലണ്ടന്‍: ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വീണ്ടും കളിമറന്നപ്പോള്‍ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ട അതേ ഗ്രൗണ്ടില്‍ മുപ്പത്തിയഞ്ച് വര്‍ഷത്തിനുശേഷം ഇന്ത്യയ്ക്ക് നാണംകെട്ട ടെസ്റ്റ് തോല്‍വി.

രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ടെസ്റ്റിന് തിരശ്ശീല വീഴാന്‍ ഒരു ദിവസം കൂടി ശേഷിക്കെയായിരുന്നു ഇന്ത്യയുടെ ദയനീയ തോല്‍വി. അതും ആദ്യ ദിവസം പൂര്‍ണമായും മഴയില്‍ ഒലിച്ചുപോയ സാഹചര്യത്തില്‍. 

ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ച കാരണങ്ങള്‍ പലതാണ്. സമീപകാലത്ത് ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നീക്കങ്ങള്‍ പിഴച്ച സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ വിഷമമാണ്. എന്നാല്‍, നായകന്റെ റോളില്‍ അങ്ങിനെയല്ല. പലപ്പോഴും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ പിഴയ്ക്കുന്നതിന് ഗ്രൗണ്ട് സാക്ഷിയായിട്ടുണ്ട്. 

ലോര്‍ഡ്‌സില്‍ മഴമൂലം ആദ്യ ദിവസത്തെ കളി മുടങ്ങിയിട്ടും രണ്ടാംനാള്‍ ടോസിടുമ്പോള്‍ രണ്ടാമതൊരു സ്‌പെഷലിസ്റ്റ് സ്പിന്നറെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പലര്‍ക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. മഴ പെയ്താല്‍ പിച്ചില്‍ ഈര്‍പ്പമുണ്ടാവുമെന്നും കാര്യങ്ങള്‍ പേസ് ബൗളിങ്ങിന് കൂടുതല്‍ അനുകൂലമാകുമെന്നറിഞ്ഞിട്ടും ആദ്യ ഇലവനില്‍ നിന്നും ഒരു പേസ് ബൗളറെ ഒഴിവാക്കി സ്പിന്നറെ ഉള്‍പ്പെടുത്തിയത് ടീം ഇന്ത്യയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തി.

ടീം തിരഞ്ഞെടുപ്പിലെ പിഴവും കാലാവസ്ഥയും ശരിക്കും ഇന്ത്യയെ വലച്ചു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങേണ്ടിവന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. സ്വന്തം നാട്ടില്‍ അസാമാന്യ മികവ് പ്രകടിപ്പിക്കാറുള്ള ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മുന്നില്‍ തീര്‍ത്തും പ്രതികൂല സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടിവന്നത്.

പ്രതികൂല സാഹചര്യത്തില്‍ തന്നെയായിരുന്നു ഇന്ത്യയ്ക്ക് ബൗള്‍ ചെയ്യേണ്ടിവന്നതും. പിച്ചിലെ ഈര്‍പ്പം കുറഞ്ഞ് ബാറ്റിങ് അനായാസമായ സാഹചര്യത്തില്‍ ആതിഥേയര്‍ക്ക് ബാറ്റ് ചെയ്യാനായി. പിച്ചില്‍ നല്ല ഈര്‍പ്പമുള്ളപ്പോള്‍ കണിശതയോടെ പന്തെറിഞ്ഞ് ഇന്ത്യയെ ഒന്നാംവട്ട ബാറ്റിങ്ങില്‍ 107 റണ്‍സിന് പുറത്താക്കുകയും ചെയ്തു.

പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ രണ്ട് സ്‌പെഷലിസ്റ്റ് പേസര്‍മാര്‍ മാത്രമുള്ള ഇന്ത്യ ഓവറുകള്‍ എറിഞ്ഞുതീര്‍ക്കാന്‍ നന്നേ വിഷമിച്ചു. ടീമില്‍ ഇടംപിടിച്ച രണ്ട് സ്പിന്നര്‍മാര്‍ ഫലം കാണാതെ പോയതോടെ ഫാസ്റ്റ്ബൗളര്‍മാരായ ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പേസ്മാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും ചുമലുകളിലായി ബൗളിങ്ങിന്റെ ഭാരം മുഴുവന്‍. 

തെളിഞ്ഞ കാലാവസ്ഥയില്‍ പേസര്‍മാര്‍ തളര്‍ന്നപ്പോള്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഭദ്രമായ സ്‌കോറില്‍ അവരെത്തിയപ്പോള്‍ മഴയുടെ അന്തരീക്ഷമുയര്‍ന്നു. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത അവര്‍ ബൗള്‍ ചെയ്യാന്‍ കിട്ടിയ ഒമ്പത് ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ രണ്ടുപേരയും മടക്കി വിജയത്തിലേക്കുള്ള ആദ്യ ചുവടുവെച്ചു.

ക്യാപ്റ്റന്‍ കോലി അടക്കം ഒരൊറ്റ ഇന്ത്യന്‍ ബാറ്റ്‌സ്മാനും ഇംഗ്ലീഷ് ബൗളിങ്ങിനെ ചെറുക്കാനാകാതിരുന്നതോടെ 130 റണ്‍സില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് തിരശീല വീണു. വെറും 47 ഓവറുകള്‍ മാത്രമാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് നീണ്ടത്.