Photo: twitter.com/BCCI
മൊഹാലി: മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. മത്സരത്തില്‍ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് ഇന്ത്യ ലങ്കയെ തകര്‍ത്തത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. കരിയറിലെ 100-ാം ടെസ്റ്റ് ജയത്തോടെ ആഘോഷമാക്കാന്‍ വിരാട് കോലിക്കുമായി.
രണ്ടാം ഇന്നിങ്സില്‍ 400 റണ്‍സിന്റെ കടവുമായി ഫോളോ ഓണിനിറങ്ങിയ ലങ്കയെ 178 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. രണ്ടു ദിവസത്തെ മത്സരം ബാക്കിനില്‍ക്കെയായിരുന്നു ഇത്.
ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിനും നാല് വിക്കറ്റുമായി തിളങ്ങി. രണ്ട് ഇന്നിങ്സിലുമായി ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്, കപില്‍ ദേവിനെ (434) മറികടന്ന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി. 619 വിക്കറ്റുകളുമായി അനില്‍ കുംബ്ലെയാണ് താരത്തിന് മുന്നിലുള്ളത്.
81 പന്തില്‍ നിന്ന് 51 റണ്‍സുമായി പുറത്താകാതെ നിന്ന നിരോഷ ഡിക്വെല്ലയാണ് രണ്ടാം ഇന്നിങ്സില്‍ ലങ്കയുടെ ടോപ് സ്കോറര്‍. ലഹിരു തിരിമാനെ (0), ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ (27), പഥും നിസ്സങ്ക (6), ഏയ്ഞ്ചലോ മാത്യൂസ് (28), ധനഞ്ജയ ഡിസില്‍വ (30), ചരിത് അസലങ്ക (20), സുരംഗ ലക്മല്‍ (0), ലസിത് എംബുല്‍ദെനിയ (2), വിശ്വ ഫെര്‍ണാണ്ടോ (0), ലഹിരു കുമാര (4) എന്നിവരാണ് പുറത്തായ താരങ്ങള്‍.
നേരത്തെ, എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സിന് ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്ക്കെതിരേ ലങ്കയുടെ ഒന്നാം ഇന്നിങ്സ് വെറും 174 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതോടെ 400 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ ഇന്ത്യ ലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സിലെ തകര്‍പ്പന്‍ സെഞ്ചുറിക്ക് (175*) പിന്നാലെ അഞ്ച് വിക്കറ്റും വീഴ്ത്തിയ ജഡേജയാണ് ഒന്നാം ഇന്നിങ്സില്‍ ലങ്കയെ തകര്‍ത്തത്. 13 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് പിഴുതത്. ജഡ്ഡുവിന്റെ കന്നി ഇരട്ടസെഞ്ചുറി കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. 228 പന്തില്‍ 17 ഫോറും മൂന്നു സിക്സും സഹിതമാണ് ജഡേജ 175 റണ്‍സെടുത്തത്. ഇതോടെ ഏഴാമനായിറങ്ങി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായി ജഡേജ മാറി. ഇതിഹാസതാരം കപില്‍ദേവിന്റെ റെക്കോഡാണ് മറികടന്നത്.
Content Highlights: Ravindra Jadeja takes five-for as India bowl Sri Lanka out for 174
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..