സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇനിയുള്ള രണ്ടുദിവസം പന്തെറിഞ്ഞേക്കില്ല. ബാറ്റുചെയ്യുന്നതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് താരത്തിന്റെ ഇടതുകൈയ്യിലെ തള്ളവിരലിലിടിച്ചു.
പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ജഡേജയെ മത്സരത്തിനുശേഷം സ്‌കാനിങ്ങിന് വിധേയനാക്കി. ഇതില്‍നിന്നാണ് താരത്തിന്റെ വിരലിന് പരിക്കേറ്റതായി സ്ഥിരീകരിച്ചത്. ഇതോടെ ജഡേജ ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ബൗള്‍ ചെയ്‌തേക്കില്ല. ടീമിലെ മിക്ക താരങ്ങള്‍ക്കും പരിക്കേറ്റതിനാല്‍ ജഡേജ ബാറ്റിങ്ങിന് ഇറങ്ങിയേക്കും.
മൂന്നാം ദിനം പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൈയ്യിലടിച്ച് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പരിക്ക് ഗുരുതരമല്ല എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പക്ഷേ കൈയ്ക്ക് വേദനയുണ്ടെന്ന് താരം അറിയിച്ചു. ഇതോടെ നാളെ പന്ത് വിക്കറ്റ് കീപ്പറായി ഇറങ്ങില്ല. പകരം വൃദ്ധിമാന്‍ സാഹ കളിക്കും. പക്ഷേ അഞ്ചാം ദിനം താരത്തിന് ബാറ്റിങ്ങിന് ഇറങ്ങാനാകുമെന്ന് ഇന്ത്യന്‍ ഫിസിയോ അറിയിച്ചു.
Content Highlights: Ravindra Jadeja suffers injury to left thumb and taken for scans unlikely to bowl