രാജ്‌കോട്ട്: ഇന്ത്യ-വിന്‍ഡീസ് ഒന്നാം ടെസ്റ്റിലെ രണ്ടാം ദിവസത്തെ കാഴ്ച്ച ഒരു റണ്‍ഔട്ടായിരുന്നു, ശിമ്രോണ്‍ ഹെറ്റ്‌മെറിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയുടെ റണ്‍ഔട്ട്. വിന്‍ഡീസ് ഇന്നിങ്‌സിന്റെ 12-ാം ഓവറിലായിരുന്നു സംഭവം.

സുനില്‍ ആംബ്രിസും ഹെറ്റ്‌മെറും ഓടുന്നതിനിടയിലുണ്ടായ ആശയക്കുഴപ്പമാണ് റണ്‍ഔട്ടില്‍ കലാശിച്ചത്. മിഡ്‌വിക്കറ്റിലേക്ക് പന്ത് തട്ടിയിട്ട് ഹെറ്റ്‌മെര്‍ സുനില്‍ ആംബ്രിസിനെ റണ്ണിനായി വിളിച്ചു. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരുടെ ആശയക്കുഴപ്പില്‍ ഹെറ്റ്‌മെറും ആംബ്രിസും ഒരേസമയം ബാറ്റിങ് ക്രീസിലെത്തി. ഈ സമയം പന്ത് കിട്ടിയ ജഡേജ പതുക്കെ നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലേക്ക് നടന്നു. ഹെറ്റ്‌മെറാകട്ടെ, നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലേക്ക് ഓടിയടുക്കുകയും ചെയ്തു.

എന്നാല്‍ അപ്പോഴേക്കും സ്റ്റമ്പിന് അടുത്തെത്തിയ ജഡേജ അപകടകരമായ രീതിയില്‍ വിക്കറ്റ് ലക്ഷ്യമാക്കി പന്തെറിയുകയായിരുന്നു. പന്ത് സ്റ്റമ്പില്‍കൊണ്ട് വിക്കറ്റ് ലഭിച്ചെങ്കിലും ജഡേജ കാണിച്ചത് സാഹസികമായിരുന്നു. അശ്വിന്‍ സ്റ്റമ്പിന് തൊട്ടടുത്ത് നില്‍ക്കെയാണ് പന്ത് കൈമാറാതെ ജഡേജ റണ്‍ഔട്ടിന് ശ്രമിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അത് അത്ര ഇഷ്ടപ്പെട്ടതുമില്ല. കോലി അത് പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം ദിനത്തിലെ മത്സരശേഷം ജഡേജ ഈ റണ്‍ഔട്ടിനെക്കുറിച്ച് പ്രതികരിച്ചു. അത് സ്റ്റമ്പില്‍ കൊണ്ടില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. ഭാഗ്യത്തിന് അത് റണ്‍ഔട്ടായി. രണ്ട് ബാറ്റ്‌സ്മാന്‍മാരും ഒരേ എന്‍ഡിലായതിനാല്‍ ഞാന്‍ നടന്നുചെന്ന് ഔട്ടാക്കാമെന്ന് കരുതി. ഹെറ്റ്‌മെര്‍ ഓടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ജഡേജ വ്യക്തമാക്കി.

Content Highlights: Ravindra Jadeja Explains The Weird Run-Out That Made Virat Kohli Angry