മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനല്‍ കളിക്കാനുള്ള അനുമതി നിഷേധിച്ചു. ബംഗാളിനെതിരേ സൗരാഷ്ട്രയ്ക്കായി കളിക്കാനായിരുന്നു ജഡേജ അനുവാദം ചോദിച്ചത്. എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമാകേണ്ടയാള്‍ രഞ്ജി കളിക്കേണ്ട എന്നാണ് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി മറുപടി നല്‍കിയെതന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌ദേവ് ഷാ പറഞ്ഞു.

എന്നാല്‍, ജഡേജയെ കളിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ ജയ്‌ദേവ് ഷാ അതൃപ്തി രേഖപ്പെടുത്തി. ' ആളുകള്‍ ആഭ്യന്തര ക്രിക്കറ്റ് കാണണമെന്ന് ബി.സി.സി.ഐ.ക്ക് ആഗ്രഹമുണ്ടെങ്കില്‍ രഞ്ജി ഫൈനലിനെങ്കിലും അന്താരാഷ്ട്ര മത്സരം വെക്കരുത്. പണകിലുക്കമായതിനാല്‍ ഐ.പി.എല്ലിനിടെ ബി.സി.സി.ഐ. ഒരിക്കലും അന്താരാഷ്ട്ര മത്സരം വെക്കാറില്ല. പ്രമുഖ താരങ്ങള്‍ കളിച്ചാല്‍ മാത്രമേ രഞ്ജി ട്രോഫി കൂടുതല്‍ ജനകീയമാകുകയുള്ളൂ. ജഡേജയ്‌ക്കൊപ്പം ബംഗാള്‍ നിരയില്‍ മുഹമ്മദ് ഷമിയും കളിക്കണമെന്നാണ എന്റെ ആഗ്രഹം- ജയ്‌ദേവ് ഷാ പറഞ്ഞു.

മാര്‍ച്ച് 12-നാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര തുടങ്ങുന്നത്. മാര്‍ച്ച് ഒമ്പത് മുതല്‍ 13 വരെ കൊല്‍ക്കത്തയിലാണ് രഞ്ജി ട്രോഫി ഫൈനല്‍.

Content Highlights: Ravindra Jadeja denied permission to play Ranji final