ബെര്‍മിങ്ഹാം: ഇംണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന് അപൂര്‍വ്വ റെക്കോഡ്. ഒമ്പതാം ഓവറില്‍ അലെസ്റ്റയര്‍ കുക്കിനെ പുറത്താക്കിയാണ് അശ്വിന്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.11 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ ഭൂഖണ്ഡത്തിന് പുറത്ത് എതിര്‍ ടീമിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ സ്പിന്നറായിരിക്കുകയാണ് ആര്‍.അശ്വിന്‍. ഇതിന് മുമ്പ് 2007-ല്‍ ഓസ്‌ട്രേലിയയുടെ ഫില്‍ ജാക്വസിനെ പുറത്താക്കി ഈ നേട്ടം കൈവരിച്ചത് അനില്‍ കുംബ്ലെയാണ്. 

ഇംഗ്ലീഷ് മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യന്‍ സ്പിന്നര്‍ ഇങ്ങിനെയൊരു നേട്ടം കൈവരിക്കുന്നത് 32 വര്‍ഷത്തിന് ശേഷമാണ്. 1986ല്‍ ലോഡ്‌സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ടിം റോബിന്‍സണെ പുറത്താക്കി മനീന്ദര്‍ സിങ്ങാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ബൗളര്‍. ഇതു മാത്രമല്ല, കുക്കിനെ പുറത്താക്കി മറ്റു ചില റെക്കോഡുകള്‍ കൂടി അശ്വിന്‍ സ്വന്തം പേരിലാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ കുക്കിനെ എട്ടാം തവണയാണ് അശ്വിന്‍ പുറത്താക്കുന്നത്. ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണും കുക്കിനെ എട്ടു തവണ പുറത്താക്കിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അശ്വിന്‍ പുറത്താക്കിയ ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാമതാണ് കുക്ക്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറെ ഇന്ത്യന്‍ സ്പിന്നര്‍ ഒമ്പത് തവണ പുറത്താക്കിയിട്ടുണ്ട്. അശ്വിനെതിരെ 789 പന്തില്‍ 46.28 ശരാശരിയില്‍ 324 റണ്‍സാണ് കുക്ക് നേടിയത്. 

ഏഴാം ഓവര്‍ തന്നെ സ്പിന്നറായ അശ്വിനെ പന്തേല്‍പ്പിച്ച് വിരാട് കോലിയെടുത്ത തീരുമാനമാണ് ഇങ്ങിനെയൊരു റെക്കോഡിലേക്ക് എത്തിച്ചത്. ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയാല്‍ ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു കോലി പദ്ധതിയിട്ടിരുന്നത്. ടോസ് ഇംഗ്ലണ്ടിന് കിട്ടിയെങ്കിലും കോലി കണക്കുകൂട്ടിയതു പോലെ കാര്യങ്ങള്‍ നടന്നു. ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തതോടെയായിരുന്നു ഇത്.

ആദ്യ ഓവറുകളില്‍ ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീണില്ല. ഇതോടെ കോലി മൂന്നാം പേസ് ബൗളറായ മുഹമ്മദ് ഷമിയെ പന്തേല്‍പ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കോലി തിരഞ്ഞെടുത്തത് അശ്വിനെ ആയിരുന്നു. അതുകണ്ട് എല്ലാവരും അമ്പരന്നെങ്കിലും തന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ കുക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി അശ്വിന്‍ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചു. 

ContentHighlights: Ravichandran Ashwin registers unique record on dismissing Alastair Cook