വിശാഖപട്ടണം: ഒരു ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ആര്‍.അശ്വിന് റെക്കോഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഡി ബ്രുയിനെ പുറത്താക്കിയാണ് അശ്വിന്‍ റെക്കോഡിട്ടത്. ടെസ്റ്റില്‍ വേഗത്തില്‍ 350 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പമെത്തി അശ്വിന്‍. 

ഇന്ത്യക്കായി വേഗത്തില്‍ 350 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡും ഇന്ത്യന്‍ സ്പിന്നര്‍ സ്വന്തമാക്കി. കരിയറിലെ 66-ാം ടെസ്റ്റിലാണ് അശ്വിന്‍ 350 വിക്കറ്റ് തികച്ചത്. ഇതുവരെ അനില്‍ കുംബ്ലെയുടെ പേരിലായിരുന്നു റെക്കോഡ്. 77 ടെസ്റ്റില്‍ നിന്നാണ് കുംബ്ലെ 350 വിക്കറ്റ് തികച്ചത്. മൂന്നാം സ്ഥാനത്ത് ഹര്‍ഭജന്‍ സിങ്ങാണ്.

ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ രണ്ടു വര്‍ഷത്തെ ഇടവേളക്ക ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരവ് അശ്വിന്‍ ഗംഭീരമാക്കി. ടെസ്റ്റില്‍ അശ്വിന്റെ 27-ാം അഞ്ചു വിക്കറ്റ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഞ്ചാം തവണയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ അഞ്ചു വിക്കറ്റ് നേടിയ താരവും അശ്വിന്‍ തന്നെയാണ്. 

Content Highlights: Ravichandran Ashwin joint fastest to 350 Test wickets