ന്യൂഡൽഹി: രാജ്യസുരക്ഷയെ മുൻനിർത്തി ഇന്ത്യയിൽ ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിൽ ടിക് ടോകിന്റെ നിരോധനമാണ് കൂടുതൽ ചർച്ചാവിഷയമായത്. ഇതിന് പിന്നാലെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഏറ്റവും കൂടുതൽ ട്രോളിന് ഇരയായതാകട്ടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും.

കോവിഡ്-19നെ തുടർന്ന് ലോകം ലോക്ക്ഡൗണിലായപ്പോൾ വാർണറും കുടുംബവും ടിക് ടോകിലൂടെ ആരാധകരെ രസിപ്പിച്ചിരുന്നു. ഭാര്യയ്ക്കും മകൾക്കുമൊപ്പമുള്ള വാർണറുടെ ടിക് ടോക് വീഡിയോകൾക്ക് ഇന്ത്യയിൽ നിരവധി ആരാധകരുമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ ഇനി ടിക് ടോക് ഇല്ലാത്തതുകൊണ്ട് വാർണർ എന്തു ചെയ്യുമെന്നാണ് ആരാധകരുടെ ചോദ്യം. ഈ സങ്കടം വാർണർ എങ്ങനെ മറികടക്കുമെന്നും അവർ ചോദിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരമായ ആർ. അശ്വിനും വാർണറെ ട്രോളിക്കൊണ്ട് ട്വീറ്റ് ചെയ്തു. 1995-ൽ റിലീസായ രജനീകാന്തിന്റെ തമിഴ് ചിത്രം ബാഷയിലെ ഡയലോഗായ 'അപ്പോ അൻവർ?' എന്നു ചോദിച്ചാണ് അശ്വിൻ വാർണറെ കളിയാക്കിയത്. ഇനിയിപ്പോൾ നീ എന്തു ചെയ്യാൻ പോകുന്നു എന്നാണ് ഈ തമിഴ് ഡയലോഗിന്റെ അർത്ഥം.

എന്നാൽ ചില ആരാധകർക്ക് ഇത് അത്ര ദഹിച്ചില്ല. തമിഴ് സംഭാഷണത്തിന്റെ അർത്ഥം അറിയാത്തതായിരുന്നു ഇതിന് പ്രധാന കാരണം. 'നിങ്ങളെ വളർത്തിയത് ശരിയായ രീതിയിലല്ല' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയുമായി അശ്വിൻ രംഗത്തെത്തി. 'തമിഴിൽ കളിയാക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കാണ് ഇതെന്നും ഭാഷ മനസ്സിലാകാത്തതിനാലാണ് തെറ്റിദ്ധരിച്ചതെന്നും അശ്വിൻ മറുപടി നൽകി. നിങ്ങൾ ഡേവിഡ് വാർണറുടെ ആരാധകനായതിൽ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തോട് എനിക്ക് ഇപ്പോഴും ബഹുമാനം തന്നെയാണ്' അശ്വിൻ കൂട്ടിച്ചേർത്തു.

Content Highlights: Ravichandran Ashwin Clarifies After Teasing David Warner On TikTok Ban