ലണ്ടന്‍: ഐ.സി.സിയുടെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞമാസം 24 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്. അതും 15.70 ശരാശരിയില്‍. ബാറ്റിങ്ങിലും താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. 35.2 ആണ് അശ്വിന്റെ ബാറ്റിങ് ശരാശരി. ഒരു സെഞ്ചുറിയും താരം കുറിച്ചിരുന്നു.

അശ്വിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാല് ടെസ്റ്റുകളില്‍ നിന്നുമായി 32 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. അശ്വിന്‍ തന്നെയാണ് പരമ്പരയുടെ താരവും. 

2021 ജനുവരി മുതലാണ് ഒരു മാസത്തെ ഏറ്റവും മികച്ച താരത്തെ തെരെഞ്ഞെടുക്കാന്‍ ഐ.സി.സി ആരംഭിച്ചത്. ജനുവരിയിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടത് മറ്റൊരു ഇന്ത്യന്‍ താരമായി ഋഷഭ് പന്തായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് പന്തിന് തുണയായത്.

ഫെബ്രുവരിയിലെ ഏറ്റവും മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട് സ്വന്തമാക്കി. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ താരം 231 റണ്‍സാണ് അടിച്ചെടുത്തത്. എല്ലാ മത്സരത്തിലും താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തിരുന്നു.

Content Highlights: Ravichandra Ashwin wins ICC Men's Player of the Month