രവി ശാസ്ത്രി
ന്യൂഡല്‍ഹി: ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തുനിന്ന് പിന്മാറും. പുതിയ കരാറില്‍ ശാസ്ത്രി ഒപ്പുവെയ്ക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു.
ശാസ്ത്രി സ്ഥാനമൊഴിയുന്നതോടെ ഇന്ത്യന്‍ ടീം പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുകയാണ്. പരിശീലകനാകാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡിനെയും അനില്‍ കുംബ്ലെയെയും മഹേന്ദ്ര സിങ് ധോനിയെയും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. വീരേന്ദര്‍ സെവാഗും പരിഗണനയിലുണ്ട്.
ട്വന്റി 20 ലോകകപ്പിനുശേഷം ഡിസംബര്‍ 16 ന് ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയെ പുതിയ പരിശീലകന്‍ നയിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിനാണ് കൂടുതല്‍ സാധ്യത. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ ദ്രാവിഡ് ഈയിടെ അവസാനിച്ച ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെയും പരിശീലിപ്പിച്ചിരുന്നു.
2017-ലാണ് രവിശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റത്. 2019 വരെയായിരുന്നു കരാര്‍. 2019-ല്‍ രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടുകയായിരുന്നു. രവിശാസ്ത്രിയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും പ്രധാന ടൂര്‍ണമെന്റുകളില്‍ കിരീടം നേടാനായില്ല. രവി ശാസ്ത്രി പിന്മാറുമെങ്കിലും സഹപരിശീലകരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Content Highlights: Ravi Shastri to Step Down as Head Coach After T20 World Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..