മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

മുന്‍ ന്യൂസീലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സന്‍, ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുത് എന്നിവരുള്‍പ്പെട്ട അന്തിമ പട്ടികയില്‍ നിന്നാണ് രവി ശാസ്ത്രിയെ ഉപദേശക സമിതി തിരഞ്ഞെടുത്തത്. മുന്‍ അഫ്ഗാനിസ്താന്‍ പരിശീലകനും വിന്‍ഡീസ് താരവുമായിരുന്ന ഫില്‍ സിമ്മണ്‍സ് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയിരുന്നു.

പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കവെ രവി ശാസ്ത്രി തന്നെ തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ക്കു തന്നെയാണ് മുന്‍ഗണനയെന്നും ഉപദേശക സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ശാസ്ത്രി അല്ലാതെ പട്ടികയിലുണ്ടായിരുന്ന ഇന്ത്യക്കാരായ റോബിന്‍ സിങ്ങിനും ലാല്‍ചന്ദ് രജ്പുതിനും മുന്‍പരിചയത്തിന്റെ കുറവുണ്ടായിരുന്നതും ഒരുപക്ഷേ ശാസ്ത്രിയെ തുണച്ചിരിക്കാം.

Ravi Shastri to continue as head coach

കൂടാതെ ശാസ്ത്രി തന്നെ തുടരുന്നതാണ് ടീമിന് സന്തോഷമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

2014 മുതല്‍ 2016 വരെ ടീം ഇന്ത്യയുടെ ഡയറക്ടറായാണ് ശാസ്ത്രി എത്തുന്നത്. 2017 ചാമ്പ്യന്‍സ് ട്രോഫി അവസാനിച്ചതിനു പിന്നാലെ ടീമിന്റെ മുഖ്യ പരിശീലകനായി. ക്യാപ്റ്റന്‍ വിരാട് കോലിയും അന്നത്തെ പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു ശാസ്ത്രിയുടെ നിയമനം.

Content Highlights: Ravi Shastri to continue as head coach