മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് പരിശീലകന്‍ രവി ശാസ്ത്രി. വിരാട് കോലിയെ 'ബോസ്' എന്ന് വിശേഷിപ്പിച്ച ശാസ്ത്രി ഇന്ത്യന്‍ ക്യാപ്റ്റനൊപ്പമുള്ള അനുഭവങ്ങളും പങ്കുവെച്ചു. സ്‌കൈ ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ നാസര്‍ ഹുസൈനോട് സംസാരിക്കുകയായിരുന്നു ശാസ്ത്രി.

ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചായ 12 ടെസ്റ്റ് മത്സരങ്ങളാണ് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റനാണ് ബോസ്. ഞാന്‍ എപ്പോഴും വിശ്വസിക്കുന്നതു അതുതന്നെയാണ്. ഒട്ടും പേടിയില്ലാതെ, ധൈര്യത്തോടു കൂടി, പോസിറ്റീവായി ഓരോ മത്സരങ്ങള്‍ക്കും കളിക്കാരെ തയ്യാറാക്കിയെടുക്കുക എന്നതാണ് കോച്ചിങ് സ്റ്റാഫിന്റെ ജോലി. ക്യാപ്റ്റനാണ് മുന്നില്‍ നിന്ന് നയിക്കുക. എപ്പോഴും പിന്തുണയുമായി കോലിക്കൊപ്പം കോച്ചിങ് സ്റ്റാഫ് ഉണ്ടാകാറുണ്ട്. ക്യാപ്റ്റനെന്ന നിലയിലുള്ള അമിതഭാരം ഒഴിവാക്കാനാണിത്. എന്നാല്‍ അദ്ദേഹത്തിന്റെ ജോലിയില്‍ നമ്മള്‍ സഹായിക്കേണ്ടതില്ല. ഒറ്റയ്ക്ക് വിടുന്നതാണ് നല്ലത്. പകുതിയാകുമ്പോഴേക്കും എല്ലാം കോലിയുടെ നിയന്ത്രണത്തിലായിട്ടുണ്ടാകും.' ശാസ്ത്രി വ്യക്തമാക്കുന്നു.

കോലിയുടെ ഫിറ്റ്നെസിലുള്ള അര്‍പ്പണബോധത്തെ കുറിച്ചും ശാസ്ത്രി സംസാരിച്ചു. ഒരു ദിവസം രാവിലെ എഴുന്നേറ്റ് കോലി എന്നോടു പറഞ്ഞു. 'ഈ മത്സരം കളിക്കണമെങ്കില്‍ എനിക്ക് ലോകത്ത് ഏറ്റവും മികച്ച ഫിറ്റ്നെസുള്ള താരമാകണം. ഏതു സാഹചര്യമാണെങ്കിലും മികച്ച കളി പുറത്തെടുക്കാനാകണം.' അതിനുശേഷം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വ്യായാമത്തിലേക്ക് കോലി പോയെന്നും ശാസ്ത്രി ഓര്‍മിക്കുന്നു.

വ്യായാമത്തിനൊപ്പം ഇഷ്ടമുള്ള ഒരുപാട് ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചതുകൂടിയാണ് കോലിയുടെ ഫിറ്റ്നെസിന്റെ രഹസ്യം. മുടക്കമില്ലാതെ ഡയറ്റ് പിന്തുടരുന്നയാളാണ് കോലി. ഒരു ദിവസം എന്നെ വിളിച്ച് പറഞ്ഞു' ഞാന്‍ നാളെ മുതല്‍ വെജിറ്റേറിയനാണെന്ന്'. അതുകേട്ട് ഞാന്‍ അദ്ഭുതപ്പെട്ടു. പക്ഷേ ഉറച്ച തീരുമാനം തന്നെയായിരുന്നു അത്. ശാസ്ത്രി ഓര്‍ത്തെടുക്കുന്നു.

content highlights: ravi shastri praises virat kohli