മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്തകളെ തള്ളിക്കളഞ്ഞ് പരിശീലകന്‍ രവിശാസ്ത്രി. ഇരുവരും തമ്മില്‍ പരസ്പരം ബഹുമാനമുള്ളവരാണെന്നും ഇത്തരം വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നും ശാസ്ത്രി പറഞ്ഞു.

 ''കഴിഞ്ഞ അഞ്ചുവര്‍ഷമായി ഞാന്‍ ടീമിന്റെ ഡ്രെസിങ് റൂമിലുണ്ട്. താരങ്ങള്‍ എങ്ങനെ കളിക്കുന്നുവെന്ന് എനിക്കറിയാം. വാര്‍ത്തകളെല്ലാം ശുദ്ധഅസംബന്ധമാണ്. ഇരുവരും (കോലിയും രോഹിതും) തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ രോഹിത് ലോകകപ്പില്‍ എന്തിന് അഞ്ചു സെഞ്ചുറി നേടണം. കോലി എന്തിന് ടീമിനെ ഇത്രയും ഭംഗിയായി കൊണ്ടുനടക്കണം. ഇരുവരും ഒരുമിച്ച് എങ്ങനെ പാര്‍ട്ടണര്‍ഷിപ്പുണ്ടാക്കി'' -ശാസ്ത്രി പറഞ്ഞു.

രോഹിത് ശര്‍മ്മയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് കോലി വ്യക്തമാക്കിയിരുന്നു. രോഹിതുമായി പ്രശ്നങ്ങളുണ്ട് എന്ന വാര്‍ത്ത തന്നെ ഞെട്ടിക്കുന്നു എന്നായിരുന്നു എന്ന് കോലിയുടെ പ്രതികരണം.

Content Highlights: Ravi Shastri on alleged Kohli Rohit rift