മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പര തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിമര്‍ശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. ഇന്ത്യയുടെ തോല്‍വിക്ക് മറുപടി പറയേണ്ടത് പരിശീലകന്‍ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറുമാണെന്ന് ദാദ തുറന്നടിച്ചു.
ഇന്ത്യയുടെ തോല്‍വിക്ക് രവി ശാസ്ത്രി ഉത്തരം പറയേണ്ടതുണ്ട്. നാല് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ബാറ്റ്‌സ്മാനു മാത്രമാണ് തിളങ്ങാനായത്. ഇതിന് ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറാണ് ഉത്തരവാദിയെന്നും ഗാംഗുലി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യന്‍ പരിശീലകര്‍ക്കെതിരേ രംഗത്തെത്തിയത്.
ടീമിന്റെ ഈ പരാജയത്തില്‍ ഇവരോടു വിശദീകരണം തേടിയില്ലെങ്കില്‍ ഈ തോല്‍വി തുടരുമെന്നും ഗാംഗുലി മുന്നറിയിപ്പു നല്‍കി. 2011 മുതല്‍ ഇന്ത്യയുടെ വിദേശ പരമ്പരയിലെ പ്രകടനം എടുത്താല്‍ വലിയ ടീമുകളോട് പരമ്പര തോല്‍ക്കാറാണ് പതിവ്. വിരാട് കോലി നേരിടുമ്പോളുഴുള്ള ബൗളര്‍മാരല്ല മറ്റു ബാറ്റ്‌സ്മാന്മാര്‍ക്കെതിരേ പന്തെറിയുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാറ്റിങ് പരിശീലകനും മുഖ്യ പരിശീലകനും ഇതിനു ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. എന്തു കൊണ്ട് വിദേശ പിച്ചുകളില്‍ ഒരാള്‍ മാത്രം മികവ് പുലര്‍ത്തുന്നുവെന്നും മറ്റുള്ളവര്‍ക്ക് അതിനു കഴിയാതെ പോകുന്നുവെന്നുമുള്ള ഉത്തരം എല്ലാവരും പ്രതീക്ഷിക്കുന്നു. ഈ പോക്കുപോകുകയാണെങ്കില്‍ വിദേശത്ത് ഇന്ത്യ സമീപകാലത്തൊന്നും പരമ്പര വിജയം നേടാന്‍ പോകുന്നില്ലെന്നും ഗാംഗുലി തുറന്നടിച്ചു.
Content Highlights: ravi shastri needs to he held accountable for india's results says sourav ganguly