ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിന്നാലെ എം.എസ് ധോനിക്ക് പിന്തുണയുമായി പരിശീലന്‍ രവി ശാസ്ത്രിയും. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടിട്വന്റിയില്‍ ധോനി കാരണമാണ് ഇന്ത്യ പരാജയപ്പെട്ടതെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍താരങ്ങള്‍ ധോനിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കോലി ഈ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രവി ശാസ്ത്രിയും കോലിക്ക് പിന്തുണയുമായെത്തിയത്. ചുറ്റും അസൂയക്കാരാണെന്നും അവര്‍ക്ക് ധോനിയുടെ നാശമാണ് കാണേണ്ടതെന്നുമാണ് രവി ശാസ്ത്രി വ്യക്തമാക്കി. 

ആരാണ് ധോനിയെന്ന് ഇന്ത്യന്‍ ടീമിന് നന്നായി അറിയാം. അദ്ദേഹം ടീമിന് എത്രത്തോളം മുതല്‍ക്കൂട്ടാണെന്നും. ധോനിയുടെ അവസാനം കാണാന്‍ ആഗ്രഹിക്കുന്ന കുറച്ചാളുകളുണ്ട്. പക്ഷേ ധോനിയെപ്പോലുള്ള താരങ്ങള്‍ക്ക് എപ്പോള്‍ വിരമിക്കണമെന്ന് അവര്‍ക്ക് തന്നെ തീരുമാനിക്കാം. ആനന്ദ് ബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി വ്യക്തമാക്കി.

ആളുകള്‍ അല്‍പം ക്ഷമ കാണിക്കണമെന്നും ടീമില്‍ എവിടെയാണ് തന്റെ സ്ഥാനമെന്ന് ധോനിക്ക് നന്നായി അറിയാമെന്നും മറ്റുള്ളവര്‍ അത് തീരുമാനിക്കേണ്ടെന്നുമായിരുന്നു കോലി തിരുവനന്തപുരത്ത് പറഞ്ഞത്. കളിക്കാന്‍ ഫിറ്റാണെന്ന് തെളിയിച്ചാണ് ധോനി ടീമില്‍ കളിക്കുന്നതെന്നും ടീമിന് അദ്ദേഹത്തിന്റെ പ്രാധാന്യം നന്നായി അറിയാമെന്നും കോലി വ്യക്തമാക്കിയിരുന്നു. 

Content Highlights: Ravi Shastri MS Dhoni Future Cricket India vs New Zealand T20