ന്യൂഡല്‍ഹി: ലഭിക്കുന്ന അവസരങ്ങള്‍ ഓരോന്നായി തുലച്ചുകളയുന്ന ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിനെതിരേ ഒടുവില്‍ കോച്ച് രവി ശാസ്ത്രി തന്നെ രംഗത്ത്. എം.എസ് ധോനിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പന്ത് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങിയിരുന്നു. ഇതോടെയാണ് പരിശീലകന്‍ തന്നെ പന്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ താരത്തിന്റെ സ്ഥിരതയില്ലായ്മയ്‌ക്കെതിരേ കടുത്തവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ശാസ്ത്രി, പന്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

പലപ്പോഴും മോശം ഷോട്ടുകള്‍ കളിച്ചാണ് പന്ത് വിക്കറ്റ് വലിച്ചെറിയുന്നതെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇനിയും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ അതിന് പന്ത് വലിയവിലതന്നെ നല്‍കേണ്ടതായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

'' അശ്രദ്ധയോടെ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നത് ഇനിയും ക്ഷമിക്കാനാകില്ല. ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനും പന്തിന് കഴിയുന്നില്ല. വിന്‍ഡീസ് പര്യടനത്തില്‍ ടീമിനെ സമ്മര്‍ദത്തിലാക്കുകയാണ് താരം ചെയ്തത്. കളിയില്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടത്'', ശാസ്ത്രി വ്യക്തമാക്കി. എന്നാല്‍ സ്വന്തം ബാറ്റിങ് ശൈലി മാറ്റുന്നതിനക്കുറിച്ച് ആരും ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Ravi Shastri against on Rishabh Pant