Image: Twitter Videograb
ന്യൂഡല്‍ഹി: കിരീടം നേടാനായില്ലെങ്കിലും ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അണ്ടര്‍ 19 ലോകകപ്പ് നേട്ടങ്ങളുടേത് തന്നെയായിരുന്നു. യശസ്വി ജയ്സ്വാള്‍, രവി ബിഷ്‌ണോയ് എന്നിവര്‍ പുറത്തെടുത്ത പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു.
400 റണ്‍സോടെ ജയ്‌സ്വാള്‍ ടൂര്‍ണമെന്റിന്റെ താരമായപ്പോള്‍ 17 വിക്കറ്റുകളുമായി രവി ബിഷ്‌ണോയ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമായി. പക്ഷേ ഫൈനല്‍ മത്സരത്തിനു ശേഷം ബംഗ്ലാദേശ് താരങ്ങളുമായി മൈതാനത്തുണ്ടായ മോശം രംഗങ്ങള്‍ ഇതിന്റെയെല്ലാം നിറംകെടുത്തുകയും ചെയ്തു.
ഞായറാഴ്ച നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലിനു ശേഷം നടന്ന കയ്യാങ്കളിയില്‍ ഐ.സി.സി അച്ചടക്കനടപടിയെടുത്തവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ആകാശ് സിങ്ങിനൊപ്പം രവി ബിഷ്‌ണോയിയുമുണ്ട്.
സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും മൂന്ന് ബംഗ്ലദേശ് താരങ്ങളും കുറ്റക്കാരാണെന്ന് ഐ.സി.സി കണ്ടെത്തി. ആകാശ് സിങ്, രവി ബിഷ്‌ണോയി എന്നിവരെ കൂടാതെ ബംഗ്ലദേശ് താരങ്ങളായ തൗഹീദ് ഹൃദോയ്, ഷമിം ഹുസൈന്‍, റാക്കിബുല്‍ ഹസന്‍ എന്നിവരും നടപടി നേരിടും.
ഐ.സി.സി പെരുമാറ്റച്ചട്ടം ലെവല്‍ മൂന്നിന്റെ ലംഘനമാണ് ഇവര്‍ നടത്തിയതെന്നാണ് കണ്ടെത്തല്‍. ആര്‍ട്ടിക്കിള്‍ 2.21 അനുസരിച്ചും നടപടിയുണ്ട്. ആര്‍ട്ടിക്കിള്‍ 2.5-ന്റെ ലംഘനത്തിന് ബിഷ്‌ണോയിക്കെതിരേ കൂടുതല്‍ നടപടി വന്നേക്കും.

ഇതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ബിഷ്‌ണോയിയുടെ പിതാവ് മാംഗിലാല്‍ ബിഷ്‌ണോയ് രംഗത്തെത്തി. ''എന്റെ മകന് എന്ത് സംഭവിച്ചുവെന്നാണ് ഞാന്‍ അദ്ഭുതപ്പെടുന്നത്. കാരണം എന്റെ മക്കളില്‍ ഏറ്റവും ശാന്തന്‍ അവനാണ്. (രവി ബിഷ്‌ണോയിക്ക് രണ്ട് മൂത്ത സഹോദരിമാരും ഒരു സഹോദരനുമുണ്ട്) ബംഗ്ലാദേശ് താരങ്ങളുടെ ആക്രമണത്തില്‍ നിന്ന് ടീം അംഗത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രശ്‌നം കൈവിട്ടുപോകുകയായിരുന്നുവെന്നാണ് അവന്‍ എന്നോട് പറഞ്ഞത്. ആ സംഭവത്തിനു ശേഷം എന്റെ ഭാര്യ ഒന്നും കഴിച്ചിട്ട് പോലുമില്ല'', മാംഗിലാല്‍ ബിഷ്‌ണോയ് പറഞ്ഞു.
അതേസമയം അണ്ടര്‍-19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്ക് ഐ.സി.സി വിലക്കേര്‍പ്പെടുത്തി. അഞ്ചു പേര്‍ക്കും നാല് മുതല്‍ പത്തു വരെ മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കും. മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാച്ച് റഫറി ഗ്രെയിം ലബ്രൂയിയാണ് അഞ്ചു പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
Content Highlights: Ravi Bishnoi’s father reacts after unruly scenes in Under 19 World Cup final
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..