ഹൈദരാബാദ്: വിക്കറ്റ് വേട്ടയുടെ വേഗത്തില്‍ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയും മറികടന്ന് ഇന്ത്യയുടെ ആര്‍.അശ്വിന്‍. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് സ്വന്തമാക്കുന്ന ബൗളര്‍ എന്ന നേട്ടമാണ് ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ അശ്വിന്‍ സ്വന്തമാക്കിയത്. 45 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചത്. ബംഗ്ലാദേശ് ക്യാപ്റ്റൻ മുഷ്ഫിഖുർ റഹ്മാനെ പുറത്താക്കിയാണ് അശ്വിൻ ഈ ചരിത്രനേട്ടം കൈവരിച്ചത്.

ഡെന്നിസ് ലില്ലി 48 ടെസ്റ്റുകളില്‍ നിന്നാണ് 250 വിക്കറ്റ്‌നേട്ടം സ്വന്തമാക്കിയത്. 1981 ഫെബ്രുവരില്‍ ഏഴിന് മെല്‍ബണില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ലില്ലിയുടെ ചരിത്രനേട്ടം. മുപ്പത്തിയാറ് വര്‍ഷത്തിനുശേഷം മറ്റൊരു ഫെബ്രുവരില്‍ ഈ റെക്കോഡ് പഴങ്കഥയായി. 70 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റ് സ്വന്തമാക്കിയാണ് ലില്ലി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്.

49 ടെസ്റ്റില്‍ നിന്ന് 250 വിക്കറ്റ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയിനാണ് മൂന്നാം സ്ഥാനത്ത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലും പേസ് ബൗളര്‍മാരാണുള്ളത്. 51 ടെസ്റ്റില്‍ നിന്ന് 250 വിക്കറ്റ് നേടിയ ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ആറാമത്.

55 ടെസ്റ്റില്‍ നിന്ന് 250 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെയായിരുന്നു ഇതുവരെ ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. സ്പിന്‍ ഇതിഹാസം ബിഷന്‍സിങ് ബേദി 60 ടെസ്റ്റില്‍ നിന്നാണ് ഈ നാഴികക്കല്ല്  പിന്നിട്ടത്.