സിഡ്‌നി: അഫ്ഗാനിസ്താന്റെ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ബൗളിങ്ങില്‍ മാത്രമല്ല, ഫീല്‍ഡിങ്ങിലും പുലിയാണ്. ബിഗ് ബാഷ് ലീഗില്‍ മനോഹരമായൊരു ക്യാച്ചിലൂടെ കാണികളുടെ കൈയടി നേടിയിരിക്കുകയാണ് റാഷിദ് ഖാന്‍. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും ബ്രിസ്‌ബെയ്ന്‍ ഹീറ്റും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു റാഷിദ് ഖാന്റെ ക്യാച്ച്. 

ലിയാം കൊണോറിന്റെ പന്തില്‍ ക്രിസ് ലിന്നിന്റെ ഷോട്ട് ആകാശത്തേക്കുയര്‍ന്നു. ഓഫ് സൈഡിലുണ്ടായിരുന്ന റാഷിദ് പന്തിന് പിന്നാലെ ഓടി കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐ.പി.എല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'റാഷിദ് ഖാന് എന്തും ചെയ്യാന്‍ പറ്റും, ഞങ്ങള്‍ ആവര്‍ത്തിക്കുന്നു, റാഷിദ് ഖാന് എന്തും ചെയ്യാന്‍ പറ്റും'- ഈ കുറിപ്പോടു കൂടിയാണ് ഹൈദരാബാദ് ടീമിന്റെ ട്വീറ്റ്. 

മത്സരത്തില്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും റാഷിദ് വീഴ്ത്തി. പുറത്താകുമ്പോള്‍ 26 റണ്‍സായിരുന്നു ക്രിസ് ലിന്നിന്റെ സമ്പാദ്യം. ബിഗ് ബാഷ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ താരമാണ് റാഷിദ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഫ്ഗാന്‍ താരം 15 വിക്കറ്റെടുത്തു.

Content Highlights: Rashid Khan Stunning Running Catch BBL