ധാക്ക: ബംഗ്ലാദേശിനെ തകര്‍ത്ത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ജയം സ്വന്തമാക്കി അഫ്ഗാനിസ്താന്‍. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ 224 റണ്‍സിന്റെ വമ്പന്‍ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. അഫ്ഗാന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. 

രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തുകയും ഒരു അര്‍ധ സെഞ്ചുറി നേടുകയും ചെയ്ത ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് മാന്‍ ഓഫ് ദ മാച്ച്. ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡും ഇതോടെ റാഷിദിന് സ്വന്തമായി. സ്‌കോര്‍: അഫ്ഗാന്‍ 342 & 260, ബംഗ്ലാദേശ് 205 & 173.

ജയിക്കാന്‍ 398 റണ്‍സ് വേണമെന്നിരിക്കെ അവസാന ദിനം ആറിന് 136 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 173 റണ്‍സിന് ഓള്‍ഔട്ടായി. ആറു വിക്കറ്റെടുത്ത റാഷിദ് ഖാനും മൂന്നു വിക്കറ്റെടുത്ത സാഹിര്‍ ഖാനും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. 

ടെസ്റ്റ് ജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും അര്‍ധസെഞ്ചുറിയും കുറിക്കുന്ന ആദ്യ നായകനെന്ന റെക്കോഡും റാഷിദ് ഒന്നിച്ച് സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ മത്സരത്തോടെ മുഹമ്മദ് നബി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തു.

Rashid Khan stars as Afghanistan seal historic second Test victory over Bangladesh

41 റണ്‍സെടുത്ത ഷദ്മാന്‍ ഇസ്ലാമും 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടെസ്റ്റ് കളിക്കുന്ന പത്ത് രാജ്യങ്ങള്‍ക്കെതിരെയും തോല്‍ക്കുന്ന ആദ്യ ടീമെന്ന നാണക്കേടും ബംഗ്ലാദേശിന്റെ പേരിലായത്.

Content Highlights: Rashid Khan stars as Afghanistan seal historic second Test victory over Bangladesh