ഡെറാഡൂണ്‍: യുവതാരം റാഷിദ് ഖാന്റെ സ്പിന്‍ അറ്റാക്കില്‍ ബംഗ്ലാദേശിനെ നിലംപരിശാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ത്യയിലെ ഡെറാഡൂണില്‍ നടന്ന ആദ്യ ടി-20  മത്സരത്തില്‍ 45 റണ്‍സിനായിരുന്ന അഫ്ഗാന്റെ ജയം. മൂന്നോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത റാഷിദ്ഖാന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

ടോസ് നേടിയ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപ്പണര്‍ മുഹമ്മദ് ഷഹസാദിന്റെയും സമീഹുല്ല ഷെന്‍വാരിയുടെയും ബാറ്റിങ് മികവില്‍ നിശ്ചിതഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 122 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

37 പന്തില്‍ നിന്ന് അഞ്ചു ഫോറുകളോടെ ഷഹസാദ് 40 റണ്ണെടുത്തപ്പോള്‍ സമീഹുല്ല ഷെന്‍വാരി 18 പന്തില്‍ നിന്ന് 36 റണ്ണടിച്ചു. മൂന്ന് വീതം സിസ്‌കറുകളും ഫോറുകളും പായിച്ചാണ് സമീഹുല്ല വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. ബംഗ്ലാദേശിനായി മഹമൂദുല്ലയും അബുല്‍ ഹസ്സനും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി. ഉസ്മാന്‍ ഘനി (26), ക്യാപറ്റന്‍ അസ്ഘര്‍ സ്റ്റനിക്‌സായി (25) ശഫീഖുല്ല (24) എന്നിവരും അഫ്ഗാന്‍ നിരയില്‍ മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങില്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ തമീം ഇഖ്ബാലിനെ എല്‍ബിഡബ്ലുവില്‍ കുടുക്കി മുജീബ് റഹ്മാന്‍ ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് തുടക്കം നല്‍കി. 30 റണ്ണെടുത്ത ലിറ്റന്‍ ദാസും 29 റണ്ണുമായി മഹമൂദുല്ലയും ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും ശ്രമം വിഫലമായി. റാഷിദ് ഖാനൊപ്പം ശപൂര്‍ സര്‍ദാനും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അടുത്ത മത്സരം ചൊവ്വാഴ്ചയാണ്‌.