ന്യൂഡല്‍ഹി: ലോക ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളര്‍ എന്ന നേട്ടം അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാനെ തേടിയെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ചുരുങ്ങിയ കാലംകൊണ്ട് ലോകശ്രദ്ധ നേടിയ റാഷിദിന് മറ്റൊരു റെക്കോഡ് സമ്മാനിച്ചിരിക്കുകയാണിപ്പോള്‍ അഫ്ഗാനിസ്താന്‍ ടീം മാനേജ്‌മെന്റ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന നേട്ടം ഇനി റാഷിദിന് സ്വന്തം. 

19 വയസ്സും 160 ദിവസവും പ്രായമായ റാഷിദിനെ ചൊവ്വാഴ്ച ടീം ക്യാപ്റ്റനായി നിയമിച്ചു. ക്യാപ്റ്റനായിരുന്ന അഷ്ഗര്‍ സ്റ്റാനിക്‌സായി അസുഖം ബാധിച്ച് ടീം വിട്ടതോടെയാണ് നായകസ്ഥാനം റാഷിദിനെ തേടിയെത്തിയത്. 

2019 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍, വരുന്ന ഞായറാഴ്ച സ്‌കോട്‌ലന്‍ഡിനെ നേരിടുന്ന ടീമിനെ റാഷിദ് ഖാന്‍ നയിക്കും. 2004-ല്‍ തന്റെ ഇരുപതാം വയസ്സില്‍ ബംഗ്ലാദേശ് ടീമിന്റെ നായകനായ രജിന്‍ സലെയെ മറികടന്നാണ് റാഷിദ് അപൂര്‍വനേട്ടം സ്വന്തമാക്കിയത്. 

ഐ.സി.സി. റാങ്കിങ്ങില്‍ ഏകദിനത്തിലും ട്വന്റി 20-യിലും റാഷിദ് ഈയടുത്ത് ഒന്നാമതെത്തിയിരുന്നു. പിന്നീട് ഏകദിനത്തില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ റാഷിദിനെ മറികടന്ന് ഒന്നാമതായെങ്കിലും ട്വന്റി 20-യില്‍ ഇപ്പോഴും റാഷിദ് തന്നെ ഒന്നാമത്. ലെഗ് സ്പിന്നറായ റാഷിദ്, 2015-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളി തുടങ്ങിയത്. 37 ഏകദിനത്തില്‍ 86 വിക്കറ്റും 29 ട്വന്റി 20-യില്‍ 47 വിക്കറ്റുകളും വീഴ്ത്തി. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ ഒന്‍പതുകോടി രൂപയ്ക്കാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദ് അഫ്ഗാന്‍ താരത്തെ സ്വന്തമാക്കിയത്. 

Content Highlights: Rashid Khan set to become youngest captain in international cricket