ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ അഫ്ഗാനിസ്താന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങിയ റാഷിദ് ഖാന്‍ 15 വര്‍ഷത്തെ റെക്കോഡ് തിരുത്തിയിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്. 20 വര്‍ഷവും 350 ദിവസവുമായിരുന്നു റാഷിദ് ഖാന്റെ പ്രായം. 

ഇതിന് പിന്നാലെ വീണ്ടും റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുകയാണ് റാഷിദ് ഖാന്‍. ബംഗ്ലാദേശിന്റെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഒന്നാമിന്നിങ്‌സില്‍ 50 റണ്‍സും നേടിയിരുന്നു. ഇതോടെ ഒരേ ടെസ്റ്റില്‍ അഞ്ചു വിക്കറ്റും 50 റണ്‍സും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡാണ് റാഷിദ് സ്വന്തം പേരിലെഴുതിയത്. ഇതുവരെ ഈ റെക്കോഡ് ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസ്സന്റെ പേരിലായിരുന്നു. അന്ന് 22 വര്‍ഷവും 115 ദിവസവുമായിരുന്നു ഷാക്കിബിന്റെ പ്രായം. 

അര്‍ധ സെഞ്ചുറിയും അഞ്ചു വിക്കറ്റുമെന്ന നേട്ടത്തിലെത്തുന്ന 17-ാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് റാഷിദ് ഖാന്‍. മൂന്നു ടെസ്റ്റ് മാത്രം കളിച്ച റാഷിദ് ഖാന്‍ ഇത് രണ്ടാം തവണയാണ് അഞ്ചു വിക്കറ്റ് നേടുന്നത്‌.

 

Content Highlights: Rashid Khan Record Bangladesh vs Afghanistan