ഡെറാഡൂണ്‍: രാജ്യാന്തര ട്വന്റി 20-യില്‍ ഹാട്രിക്ക് പ്രകടനങ്ങളെ പോലും കവച്ചുവെയ്ക്കുന്ന പ്രകടനവുമായി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. അയര്‍ലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20-യില്‍ ഹാട്രിക്ക് അടക്കം തുടര്‍ച്ചയായ നാലു പന്തുകളില്‍ വിക്കറ്റെടുത്താണ് റാഷിദ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. നേരത്തേ ശ്രീലങ്കയുടെ ലസിത് മലിങ്ക തുടരെ നാലു പന്തില്‍ നാലു വിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ഈ നേട്ടം ഏകദിനത്തിലായിരുന്നു.

ക്രിക്കറ്റ് ലോകത്ത് പുതുമുഖങ്ങളാണെങ്കിലും ഐ.സി.സിയുടെ ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കയ്യാളുന്നതിന് അടിവരയിടുന്ന പ്രകടനമായിരുന്നു റാഷിദിന്റേത്. ഒരു അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തില്‍ തുടര്‍ച്ചയായി നാലു വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ബൗളറാണ് റാഷിദ്. ട്വന്റി 20-യില്‍ ഹാട്രിക്ക് നേടുന്ന ഏഴാമത്തെ ബൗളറും. മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത റാഷിദ് അഞ്ചു വിക്കറ്റ് വീഴ്ത്തി. 

അന്താരാഷ്ട്ര ട്വന്റി 20-യില്‍ ഹാട്രിക്ക് നേടുന്ന ആദ്യ സ്പിന്നറെന്ന നേട്ടവും റാഷിദ് സ്വന്തമാക്കി. ഇതിനു മുന്‍പ് പേസര്‍മാര്‍ മാത്രമേ ട്വന്റി 20-യില്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീ, മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജേക്കബ് ഓറം, ന്യൂസീലന്‍ഡിന്റെ തന്നെ ടിം സൗത്തി, ലങ്കയുടെലസിത് മലിങ്ക, തിസാര പെരേര, പാകിസ്താന്റെ ഫഹീം അഷ്റഫ് എന്നിവരാണ് ട്വന്റി 20 ഹാട്രിക്ക് നേടിയ മറ്റ് ബൗളര്‍മാര്‍.

കഴിഞ്ഞ മത്സരത്തില്‍ ഹസ്‌റത്തുള്ള സസായ് 62 പന്തില്‍ നിന്ന് 162 റണ്‍സടിച്ച് അഫ്ഗാന് റെക്കോഡ് സ്‌കോര്‍ (278) നേടിക്കൊടുത്ത ഡെറാഡൂണിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു റാഷിദ് ഖാന്റെ പ്രകടനവും. മത്സരത്തില്‍ അഫ്ഗാന്‍ 32 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും അഫ്ഗാന്‍ തൂത്തുവാരി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 210 റണ്‍സെടുത്തു. 36 പന്തില്‍ 81 റണ്‍സെടുത്ത മുഹമ്മദ് നബിയുടെ പ്രകടനമാണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ റാഷിദിനു മുന്നില്‍ കറങ്ങിവീണ അയര്‍ലന്‍ഡിന് എട്ടിന് 178 റണ്‍സിലെത്താനേ സാധിച്ചുള്ളൂ.

കെവിന്‍ ഒബ്രീന്‍, ജോര്‍ജ് ഡോക്‌റെല്‍, ഷെയ്ന്‍ ഗെറ്റ്‌കെയ്റ്റ്, സിമി സിങ് എന്നിവരെയാണ് റാഷിദ് പുറത്താക്കിയത്. 

Content Highlights: rashid khan hattrick emulates lasith malinga to pick 4 wickets in 4 balls