അബുദാബി: ഏഷ്യ കപ്പില്‍ അഫ്ഗാനിസ്താന്റെ കുതിപ്പിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാതെ കഷ്ടപ്പെടുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ ലോകചാമ്പ്യന്‍മാരായ ശ്രീലങ്കയേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ച അവര്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെ വിറപ്പിച്ചാണ് കീഴടങ്ങിയത്.

അവസാന ഓവറില്‍ പാകിസ്താനെ വിജയത്തിലെത്തിച്ച മുന്‍ നായകന്‍ ഷുഐബ് മാലിക്ക് അഫ്ഗാന്‍ ആരാധകരുടെ മനസ് കീഴടക്കിയാണ് മൈതാനത്തു നിന്ന് മടങ്ങിയത്. അതിന്റെ കാരണമിതാ.

ജയിക്കുമെന്ന് ഉറപ്പിച്ച മത്സരം അവസാന ഓവറില്‍ കൈവിട്ടപ്പോള്‍ അഫ്ഗാന്റെ അദ്ഭുത സ്പിന്നര്‍ റാഷിദ് ഖാന് കരച്ചിലടക്കാനായില്ല. മത്സര ശേഷം ജഴ്‌സികൊണ്ട് മുഖംപൊത്തി കരയുകയായിരുന്നു റാഷിദ്. ഈ സമയം പാകിസ്താന്റെ വിജയശില്‍പ്പിയായ മാലിക്ക് റാഷിദിന്റെ അടുത്തെത്തി അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. റാഷിദിനൊപ്പം കുറച്ചുദൂരം നടന്നതിനു ശേഷമാണ് മാലിക്ക് സ്വന്തം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. 

നിറഞ്ഞ കയ്യടികളോടെയാണ് ഈ കാഴ്ച കാണികള്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും മാലിക്കിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചുള്ള കമന്റുകള്‍ നിറയുകയാണ്. 

കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെ വിറപ്പിച്ചാണ് അഫ്ഗാനിസ്താന്‍ കീഴടങ്ങിയത്. ആവേശകരമായ മത്സരത്തില്‍ മൂന്നു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റിനായിരുന്നു പാക് പടയുടെ വിജയം. മത്സരത്തില്‍ റാഷിദ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണ്ടപ്പോള്‍ രണ്ടാം പന്ത് സിക്‌സറിലേക്കും മൂന്നാമത്തെ പന്ത് ബൗണ്ടറിയിലേക്കും പായിച്ച് മാലിക്ക് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Content Highlights: rashid khan crying and pakistan's shoaib malik putting his arm around