ഡെറാഡൂണ്‍: ടെസ്റ്റിലെ ചരിത്ര വിജയത്തിന് പിന്നാലെ റെക്കോഡുമായി അഫ്ഗാനിസ്താന്‍ ബൗളര്‍ റാഷിദ് ഖാന്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്. ഒപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ അഫ്ഗാന്‍ താരമെന്ന റെക്കോഡും റാഷിദ് സ്വന്തം പേരില്‍ കുറിച്ചു.

അയര്‍ലൻഡിനെതിരായ ടെസ്റ്റിലാണ് റാഷിദ് അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്തത്. അയര്‍ലൻഡിന്റെ രണ്ടാം ഇന്നിങ്‌സില്‍ 82 റണ്‍സ് വഴങ്ങിയാണ് അഫ്ഗാന്‍ താരം അഞ്ച് വിക്കറ്റ് കൊയ്തത്. ട്വന്റി-20യിലും ഏകദിനത്തിലും ടെസ്റ്റിലും അഞ്ച് വിക്കറ്റ് നേടുന്ന ഒന്‍പതാമത്തെ ബൗളര്‍ കൂടിയാണ് അഫ്ഗാന്‍ സ്പിന്നര്‍. പാകിസ്താന്റെ പേസ് ബൗളറായ ഉമര്‍ ഗുല്ലാണ് ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം. 

ന്യൂസീലന്‍ഡിന്റെ ടിം സൗത്തി, ലങ്കയുടെ അജന്ത മെന്‍ഡിസ്, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍, ഇന്ത്യന്‍ താരങ്ങളായ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരും ഈ നേട്ടം പിന്നിട്ടവരാണ്.  എന്നാല്‍ ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം റാഷിദ് ഖാനാണ്. 20 വയസും 178 ദിവസവും പ്രായമുള്ളപ്പോഴാണ് അഫ്ഗാന്‍ താരത്തിന്റെ നേട്ടം.

 

Content Highlights: Rashid Khan creates history vs Ireland Test Cricket