ദെഹ്​റാദൂൺ: നിര്‍ണായക ഓവറിലൂടെ ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന്‍ ജയം നേടിക്കൊടുത്തതിനുള്ള അഭിനന്ദനങ്ങള്‍ക്ക് പിന്നാലെ യുവ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന് ആരാധകരുടെ വിമര്‍ശനവും ട്രോളും. മുതിര്‍ന്ന കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലയെ 'ബ്രോ' എന്ന് വിളിച്ചതിനാണ് റാഷിദ് ഖാൻ കടുത്ത ട്രോളിങ്ങിന് വിധേയനാകേണ്ടി വന്നത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പ്രകടനത്തില്‍ അഭിനന്ദിച്ച്‌കൊണ്ടുള്ള ഹര്‍ഷ ഭോഗ്ലെയുടെ ട്വീറ്റിനുള്ള മറുപടിയിലാണ് റാഷിദ് ഖാന്‍ അദ്ദേഹത്തെ ബ്രോ എന്ന് സംബോധന ചെയ്തത്.

അമ്പതിലധികം വയസുള്ള ബോഗ്ലേയെ 19 വയസുകാരനായ റാഷിദ് ഖാന്‍ ബ്രോ എന്ന് വിളിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ പ്രതികരിച്ചത്. താങ്കളുടെ പിതാവിന്റെ പ്രായം അദ്ദേഹത്തിനുണ്ടെന്നും കുറച്ച് ബഹുമാനം നല്‍കണമെന്നും വിമര്‍ശനമുയര്‍ന്നു.

ആശ്ചര്യകരമായ വളര്‍ച്ചയാണ് റാഷിദ് ഖാനെന്നാണ് ബോഗ്ലെ അഭിന്ദന ട്വീറ്റില്‍ പ്രതികരിച്ചു. നന്ദി 'ബ്രോ' എന്നായിരുന്നു റാഷിദ് ഖാന്റെ മറുട്വീറ്റ്. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയില്‍ റാഷിദ് ഖാന്‍ എട്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പരമ്പര 3-0-ന് അഫ്ഗാന്‍ തൂത്തുവാരി. റാഷിദ് ഖാനാണ് മാന്‍ ഓഫ് ദി സീരീസ്.