അബുദാബി: ഈ നൂറ്റാണ്ടില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ ബൗള്‍ ചെയ്ത റെക്കോഡുമായി അഫ്ഗാനിസ്താന്റെ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍. സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 99.2 ഓവറാണ് റാഷിദ് എറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ 36.3, രണ്ടാം ഇന്നിങ്‌സില്‍ 62.5 ഓവര്‍. ആകെ 11 വിക്കറ്റും നേടി. ഇതില്‍ 20 മെയ്ഡന്‍ ഓവറുകളുണ്ട്.

2002 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 98 ഓവര്‍ ബൗള്‍ ചെയ്ത ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ റെക്കോഡ് മറികടന്നു. ഇംഗ്ലണ്ടിനെതിരേ 97 ഓവറും (2001) 96 ഓവറും (2003) ബൗള്‍ ചെയ്ത ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് മൂന്നാംസ്ഥാനത്ത്.

റാഷിദ് ഖാന്റെ റെക്കോഡ് ബൗളിങ് കണ്ട മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ആറു വിക്കറ്റിന് ജയിച്ചു. സ്‌കോര്‍: അഫ്ഗാനിസ്താന്‍ 545 ഡിക്ല. നാലിന് 108. സിംബാബ്‌വെ: 287, 365.

Content Highlights: Rashid Khan became the first bowler to bowl 99 overs in test cricket