ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ബംഗ്ലാദേശ് സെമി ഫൈനലിലെത്തിയതും വിന്‍ഡീസിനെ പരാജയപ്പെടുത്തിയ അഫ്ഗാനിസ്ഥാനുമെല്ലാം ക്രിക്കറ്റില്‍ ഇനി വരാനുള്ള മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്രിക്കറ്റ് കുത്തകയാക്കി വെച്ചിരിക്കുന്ന ടീമുകളില്‍ നിന്ന് അന്താരാഷ്ട്ര തലത്തില്‍ കിരീടം കിട്ടാക്കനിയായ രാജ്യങ്ങള്‍ പുതിയ മേല്‍വിലാസമുണ്ടാക്കുന്നു. അപ്രതീക്ഷിതമായ വിജയങ്ങള്‍ സംഭവിക്കുന്നു. മടുപ്പിലേക്ക് വീണുകൊണ്ടിരിക്കുന്ന ക്രിക്കറ്റിന് ഊര്‍ജ്ജം നല്‍കുന്നത് തന്നെയാണ് അഫ്ഗാന്റെയും ബംഗ്ലാദേശിന്റെയും വിജയം.

ഇതിന്റെ തുടര്‍ച്ചായാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ഏകദിന റാങ്കിങ്ങില്‍ രണ്ട് അഫ്ഗാന്‍ ബൗളര്‍മാര്‍ ഇടം പിടിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടി കളിച്ച റാഷിദ് ഖാനും മുഹമ്മദ് നബിയുമാണ് ആദ്യ പത്തിലുള്ള താരങ്ങള്‍. ചരിത്രത്തില്‍ ആദ്യമായി പാത്താം റാങ്കിങ്ങിനുള്ളില്‍ അഫ്ഗാന്‍ താരങ്ങള്‍ എത്തുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. 

ചൊവ്വാഴ്ച പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 647 പോയിന്റുമായി റാഷിദ് ഏഴാമതും 618 പോയിന്റുമായി നബി പത്താം സ്ഥാനത്തുമാണ്. വിന്‍ഡീസ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരു താരങ്ങള്‍ക്കും തുണയായത്.