സെന്റ് ലൂസിയ: ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്റെ റെക്കോര്‍ഡ് പ്രകടനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 63 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്. 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റാഷിദ് ഏഴു വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിങ്ങാണിത്‌.

 

ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സടിച്ചു. 81 റണ്‍സെടുത്ത ജാവേദ് അഹ്മദിയുടെ മികവിലായിരുന്ന അഫ്ഗാന്റെ ഈ ബാറ്റിങ്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് തകര്‍ന്നു വീണു. 44.4 ഓവറില്‍ 149 റണ്‍സെടുക്കുന്നതിനിടയില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെല്ലാം ക്രീസ് വിട്ടു. 

അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്‌കര്‍ സ്റ്റാനിക്‌സായി ആറാം ബൗളറായാണ് റാഷിദിനെ പരിഗണിച്ചത്. 22 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ വിന്‍ഡീസ്. എന്നാല്‍ റാഷിദിനെ ബൗളിങ് ഏല്‍പ്പിച്ചതോടെ കഥ മാറി. ആദ്യ രണ്ടു പന്തില്‍ ജാസണ്‍ മുഹമ്മദിനെയും റോസ്റ്റണ്‍ ചെയ്‌സിനെയും റാഷിദ് പുറത്താക്കി. രണ്ടാം ഓവറില്‍ ഷായ് ഹോപും ജാസണ്‍ ഹോള്‍ഡറുമായിരുന്നു റാഷിദിന്റെ ഇരകള്‍. പിന്നീട് ആഷ്‌ലി നഴ്‌സിനെയും അല്‍സാരി ജോസഫിനെയും മിഗേല്‍ കുമ്മിന്‍സിനെയും റാഷിദ് പുറത്താക്കി.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി റാഷിദ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റാണ് റാഷിദെടുത്തത്.