ഡെറാഡൂണ്‍: യുവ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന്‍ ഒരിക്കല്‍ കൂടി രക്ഷകനായി എത്തി ബംഗ്ലാദേശിനെതിരായ അവസാന ടി- 20 മത്സരവും അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി. ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങിയ മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഒരു റണ്ണിനായിരുന്നു അഫ്ഗാന്റെ വിജയം.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്ഥാന്‍ 3-0ന്‌  തൂത്തുവാരി. ടോസ് നേടി ബാറ്റിങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്ണെടുക്കുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് ജയത്തിന് ഒരു റണ്‍ അകലെ വെച്ച് അവസാനിച്ചു. അവസാന ഓവറില്‍ ജയത്തിനായി ഒമ്പത് റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് റാഷിദ് ഖാന്‍ എറിഞ്ഞ ഓവറില്‍ ഏഴ് റണ്‍സ് മാത്രമെ എടുക്കാനായുള്ളൂ. രണ്ടോവറില്‍ മുപ്പത് വേണ്ടിയിരുന്നപ്പോള്‍ 19-ാം ഓവറില്‍ 21 അടിച്ചെടുത്തെങ്കിലും അവസാന ഓവറാണ് ബംഗ്ലാദേശിന് വിനയായത്.

37 പന്തില്‍ 46 എടുത്ത് ബംഗ്ലാദേശിനെ വിജയത്തിന്റെ വക്കോളമെത്തിച്ച മുഷ്ഫിഖുര്‍ റഹീമാണ് മത്സരത്തിലെ താരം. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ സൈമുല്ലാ ഷെന്‍വാരിയുടെയും അസ്ഘര്‍ സ്റ്റനിക്‌സായിയുടെയും ബാറ്റിങ് മികവിലാണ് 145 റണ്‍സെടുത്തത്. 22 പന്തില്‍ നിന്ന് 26 എടുത്ത ഓപ്പണര്‍ മുഹമ്മദ് ഷഹസാദും മികച്ച തുടക്കം നല്‍കി. സൈമുല്ലാ ഷെന്‍വാരി 28 പന്തില്‍ പുറത്താകാതെ 33 റണ്ണെടുത്തപ്പോള്‍ അസ്ഘര്‍ 17 പന്തില്‍ നിന്ന് 27 അടിച്ചു.

ബംഗ്ലാദേശ് നിരയില്‍ പുറത്താകാതെ 38 പന്തില്‍ 45 റണ്ണെടുത്ത മഹമൂദുല്ലയും തിളങ്ങി. ആദ്യ രണ്ടു മത്സരങ്ങളും അഫ്ഗാന്‍ ജയിച്ചിരുന്നു. ഈ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച റാഷിദ്ഖാനാണ് മാന്‍ ഓഫ് ദി സീരീസ് നേടിയത്‌.