Rohit Sharma
മിര്‍പുര്‍: ഏകദിനത്തില്‍ 500 സിക്സറുകള്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയത്.
ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത് വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ലാണ്. 553 സിക്സറുകളാണ് ഗെയ്ലിന്റെ പേരിലുള്ളത്. പാകിസ്താന്റെ മുന്‍ താരം ഷാഹിദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 476 സിക്സറുകള്‍. ന്യൂസീലന്‍ഡിന്റെ മുന്‍താരം ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരില്‍ 398 സിക്സറുകളുണ്ട്. 383 സിക്സറുകളുമായി മാര്ട്ടിന് ഗപ്റ്റിലാണ് അഞ്ചാം സ്ഥാനത്ത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ അക്കൗണ്ടിലുള്ളത് 359 സിക്സറുകളാണ്.
ബംഗ്ലാദേശിനെതിരെ പരിക്കേറ്റ വിരലുമായി ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങിയ രോഹിത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സറുകളും സഹിതം താരം 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന രണ്ട് പന്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ 12 റണ്‍സ് വേണമായിരുന്നു. ആദ്യ പന്ത് രോഹിത് സിക്സറിലേക്ക് പറത്തി പ്രതീക്ഷ നല്കി. എന്നാല്‍ അവസാന പന്തില്‍ ആറു റണ്‍സ് കണ്ടെത്താനായില്ല. ഇതോടെ അഞ്ച് റണ്‍സിന് ഇന്ത്യ തോറ്റു. ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.
ബംഗ്ലാദേശ് ബാറ്റിങ്ങിനിടേയാണ് രോഹിതിന് പരിക്കേറ്റത്. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ താരം ഗ്രൗണ്ട് വിട്ടു. പകരം രജത് പാട്ടിദാര്‍ ഫീല്‍ഡിങ്ങിനിറങ്ങി.
Content Highlights: Rare record for Rohit Sharma during Bangladesh Odi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..