ഒറ്റപ്പാലം: മനസ്സുനിറയെ ക്രിക്കറ്റായിരുന്നു ഷൊര്‍ണൂരുകാരന്‍ രഞ്ജിത്ത് രവീന്ദ്രന്. ഷൊര്‍ണൂര്‍ ക്രിക്കറ്റ് ക്ലബ്ബിലൂടെ കളിയാരംഭിച്ച രഞ്ജിത്തിന് നാലുവര്‍ഷം മുമ്പുവരെ ഇന്ത്യന്‍ ടീമായിരുന്നു സ്വപ്നം. എന്നാല്‍, 2018-ല്‍ എത്തിനില്‍ക്കുമ്പോള്‍ ടീം ഇന്ത്യയുടെ നീലജേഴ്സിക്ക് പകരം ന്യൂസീലന്‍ഡിന്റെ കറുത്ത ജേഴ്സിയാണ് രഞ്ജിത്തിന്റെ മനസ്സില്‍. 

കേരളത്തില്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകാതെ വന്നപ്പോള്‍ ന്യൂസീലന്‍ഡിലേക്ക് പറന്നിറങ്ങിയ താരം ഇപ്പോള്‍ ന്യൂസീലന്‍ഡിലെ അംഗീകൃതകോച്ചാണ്.

തൃശ്ശൂര്‍ ചെറുതുരുത്തി രഞ്ജിത്ത് നിവാസില്‍ ജനിച്ച രഞ്ജിത്ത് തനി ഷൊര്‍ണൂരുകാരനായിരുന്നു. ഓള്‍ റൗണ്ടറായിരുന്ന രഞ്ജിത്ത് ഷൊര്‍ണൂര്‍ ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് വളര്‍ന്നത്. ഡിവിഷന്‍ മത്സരങ്ങളിലെല്ലാം തിളങ്ങി. ഷൊര്‍ണൂര്‍ ടീമിന്റെ നായകനുമായി. മികച്ച പ്രകടനം രഞ്ജിത്തിനെ പാലക്കാട് അണ്ടര്‍-22 ടീമിലെത്തിച്ചു. പ്രകടത്തിലെ മികവ് ജില്ലാ മത്സരങ്ങളിലും തുടര്‍ന്നതോടെ കേരള സീനിയര്‍ സോണ്‍ ടീമിലും കളിക്കാനായി.

പിന്നീട് വമ്പന്‍ അവസരങ്ങളൊന്നും രഞ്ജിത്തിനെ തേടിയെത്തിയില്ല. ഒടുവില്‍, പ്രാരബ്ധങ്ങളുമായി ജോലി തേടി ദുബായിലെത്തി. ഷിപ്പിങ് കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ അവിടത്തെ ക്രിക്കറ്റ് ലീഗുകളില്‍ കളിയാരംഭിച്ചു. പ്രായം കൂടിവന്നപ്പോള്‍ ക്ലബ്ബുകളുടെ പരിശീലകന്റെ വസ്ത്രമണിഞ്ഞു. പ്രായം കൂടിയെങ്കിലും ക്രിക്കറ്റിനോടുള്ള പ്രേമവും നിശ്ചയദാര്‍ഢ്യവും രഞ്ജിത്തിനെ ഒടുവില്‍ ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡിലെത്തിച്ചു. ന്യൂസീലന്‍ഡിലെ അംഗീകൃതപരിശീലകനായ രഞ്ജിത്ത് ഇപ്പോള്‍ ഓക്ക്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സ് ഇന്‍സ്ട്രക്റ്ററാണ്‌.

ഇന്ത്യയിലെ രഞ്ജി ട്രോഫി പോലുള്ള ഓക്ക്ലന്‍ഡ് പ്രീമിയര്‍ ലീഗിലെ സബേബ് ന്യൂലിന്‍ എന്ന ക്രിക്കറ്റ് ടീമിലെ താരം കൂടിയാണ് ഈ 32-കാരന്‍. ഒപ്പം, ഗോള്‍ഡ് സ്റ്റാര്‍ എന്ന അക്കാദമിയും ഇദ്ദേഹം നടത്തുന്നു.