കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ വിദര്‍ഭയെ നേരിടുന്ന കേരള ടീം തിങ്കളാഴ്ച പരിശീലനം തുടങ്ങും. 

ചരിത്രത്തില്‍ ആദ്യമായി സെമി കളിക്കുന്ന കേരളത്തിന് എതിരാളി നിലവിലെ ജേതാക്കളായ വിദര്‍ഭയാണ്. 24 മുതലാണ് മത്സരം. 

അതേസമയം ക്വാര്‍ട്ടറില്‍ കളിച്ച പിച്ചിലായിരിക്കില്ല സെമി മത്സരം നടക്കുക. പകരം സമീപത്തെ പിച്ചാണ് സെമിക്കായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  ക്വാര്‍ട്ടറിലെന്ന പോലെ കേരളത്തിന്റെ പേസ് ബൗളിങ്ങിന്റെ ശക്തി പരമാവധി ഉപയോഗിക്കുന്ന തരത്തിലാകും പിച്ചിന്റെ നിര്‍മ്മാണമെന്നും സൂചനയുണ്ട്.

പിച്ച് നിര്‍മാണച്ചുമതലയുള്ള ആശിഷ് കെ. ഭൂമിക് ഞായറാഴ്ച കൃഷ്ണഗിരി സ്റ്റേഡിയത്തിലെത്തി. ക്വാര്‍ട്ടര്‍ മത്സരം നടന്നതിനു തൊട്ടടുത്തുള്ള മറ്റൊരു പിച്ചാണ് അദ്ദേഹം സെമിക്കുവേണ്ടി തിരഞ്ഞെടുത്തത്. വരുംദിവസങ്ങളില്‍ ഈ പിച്ചില്‍ മിനുക്കുപണികള്‍ നടക്കും.

കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ബേസില്‍ തമ്പി, എം.ഡി. നിധീഷ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിനുശേഷം വയനാട്ടില്‍ത്തന്നെയായിരുന്നു. ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിനിടെ പരിക്കേറ്റ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ സെമിയില്‍ കളിക്കില്ല. 

വസീം ജാഫര്‍, ഫായിസ് ഫസല്‍, സഞ്ജയ് രാമസ്വാമി ഗണേഷ് സതീഷ് എന്നിവരടങ്ങുന്ന വിദര്‍ഭ ബാറ്റിങ് നിര ശക്തരാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ശക്തിയായ പേസ് ബൗളിങ്ങിനെ പരമാവധി ഉപയോഗിക്കാനാകും കേരളത്തിന്റെ ശ്രമം. 

അതേസമയം ഇന്ത്യന്‍ താരം ഉമേഷ് യാദവിന്റെ സാന്നിധ്യം പിച്ചില്‍ വിദര്‍ഭയ്ക്ക് കരുത്താകും. കഴിഞ്ഞദിവസം ഉത്തരാഖണ്ഡിനെ ഇന്നിങ്സിന് തോല്‍പ്പിച്ച് സെമി ഉറപ്പിച്ച വിദര്‍ഭ, തിങ്കളാഴ്ച രാത്രിയോടെ വയനാട്ടിലെത്തും. ചൊവ്വാഴ്ച പരിശീലനം തുടങ്ങും.

Content Highlights: ranji trophy semifinals fixtures kerala face vidarbha