കോഴിക്കോട്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ വിദര്‍ഭ. രണ്ടാം സെമിയില്‍ കര്‍ണാടകയും സൗരാഷ്ട്രയും തമ്മിലാണ് മത്സരം. ഉത്തരാഖഢിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭ ഇന്നിങ്‌സിനും 115 റണ്‍സിനും വിജയിച്ചതോടെയാണ് കേരളത്തിനെതിരെ സെമിഫൈനലിന് കളമൊരുങ്ങിയത്. 

ജനുവരി 24 മുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് കേരളം-വിദര്‍ഭ സെമി. കേരള ടീം തിങ്കളാഴ്ച്ച് കൃഷ്ണഗിരിയിലെത്തും. ക്വാര്‍ട്ടറിലെന്ന പോലെ കേരളത്തിന്റെ പേസ് ബൗളിങ്ങിന്റെ ശക്തി പരമാവധി ഉപയോഗിക്കുന്ന തരത്തിലാകും പിച്ചിന്റെ നിര്‍മ്മാണം. വസീം ജാഫര്‍, ഫായിസ് ഫസല്‍, സഞ്ജയ് രാമസ്വാമി തുടങ്ങിയ വമ്പന്‍മാരടങ്ങിയ വിദര്‍ഭയോട് മത്സരിക്കാനുള്ള ബാറ്റിങ് ലൈനപ്പ് കേരളത്തിനില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ ശക്തിയായ പേസ് ബൗളിങ്ങിനെ പരമാവധി ഉപയോഗിക്കാനാകും ശ്രമം. അതേസമയം വിദര്‍ഭയുടെ പേസ് ബൗളറായ ഇന്ത്യന്‍ താരം ഉമേഷ് യാദവ് കൃഷ്ണഗിരിയെ പിച്ച് ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്.

ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിനിടെ പരിക്കേറ്റ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ സെമിയില്‍ കളിക്കില്ല. തമിഴ്നാട്ടുകാരനായ ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്, വി.എ. ജഗദീഷ് എന്നിവരിലൊരാളാളായിരിക്കും പകരം കളിക്കുക. സീസണിന്റെ തുടക്കത്തില്‍ ജലജ് സക്‌സേനയ്‌ക്കൊപ്പം ഓപ്പണറായി തുടങ്ങിയ അരുണ്‍ കാര്‍ത്തിക്കിനെ ഫോമിലല്ലാത്തതിനെ തുടര്‍ന്ന് പിന്നീട് കളിപ്പിച്ചിരുന്നില്ല. ജഗദീഷ് ഹൈദരാബാദിനെതിരേ സെഞ്ചുറി നേടിയെങ്കിലും പിന്നീട് ഫോം ഔട്ടാകുകയായിരുന്നു. 

Content Highlights: Ranji Trophy Semi Final Kerala vs Vidarbha Preview