കൃഷ്ണഗിരി: കിരീടം നിലനിര്‍ത്താന്‍ വിദര്‍ഭ, ഒന്നും നഷ്ടപ്പെടാനില്ലാതെ കേരളം. രഞ്ജി ട്രോഫി ക്രിക്കറ്റിലെ അവസാന അങ്കത്തിന് അവസരംതേടി ടീമുകള്‍ അണിനിരക്കുമ്പോള്‍ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീപ്പാറുമെന്നുറപ്പ്. കേരളം-വിദര്‍ഭ സെമിഫൈനല്‍ മത്സരം വ്യാഴാഴ്ച രാവിലെ 9.30-ന് തുടങ്ങും.

ചൊവ്വാഴ്ച വൈകീട്ട് വിദര്‍ഭ ടീം വയനാട്ടിലെത്തിയിരുന്നു. പോകുംവഴി കൃഷ്ണഗിരി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ പരിശീലനത്തിനെത്തി. വസീം ജാഫറും ഉമേഷ് യാദവുമടക്കമുള്ളവര്‍ ഏറെനേരം നെറ്റ്സില്‍ ചെലവഴിച്ചു. പേസ് ബൗളര്‍മാരാണ് കൂടുതല്‍ വിയര്‍പ്പൊഴുക്കിയത്. 11 മണിക്കുശേഷം കേരള താരങ്ങള്‍ പരിശീലനത്തിനെത്തി. പരിക്കേറ്റ സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ടെങ്കിലും കളിക്കില്ല.

ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള പ്രകടനത്തില്‍ കേരളത്തേക്കാള്‍ അല്പം മുന്നിലാണ് നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭ. എലൈറ്റ് ഗ്രൂപ്പ് എ-യില്‍നിന്ന് ആദ്യപാദത്തിലെ എട്ടു കളികളില്‍ മൂന്നു വിജയവും അഞ്ചു സമനിലയും നേടിയാണ് അവര്‍ വരുന്നത്. 

ഛത്തീസ്ഗഢ്, റെയില്‍വേസ്, മുംബൈ ടീമുകളോടാണ് വിജയം. മഹാരാഷ്ട്ര, കര്‍ണാടക, ബറോഡ, ഗുജറാത്ത്, സൗരാഷ്ട്ര എന്നിവരുമായി സമനിലപാലിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ ഇന്നിങ്സിനും 115 റണ്‍സിനും തകര്‍ത്ത വിദര്‍ഭ ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമുകളിലൊന്നാണ്. 

സീസണില്‍ 969 റണ്‍സടിച്ച വസീം ജാഫര്‍, കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ ഫായിസ് ഫസല്‍, മൂന്നാമതുള്ള സഞ്ജയ് രാമസ്വാമി എന്നിവരടങ്ങിയ വിദര്‍ഭ ബാറ്റിങ് നിര അതിശക്തമാണ്. ഉമേഷ് യാദവും രജ്നീഷ് ഖുര്‍ബാനിയും പോയന്റ് പട്ടികയില്‍ താഴെയാണെങ്കിലും പേസിനനുകൂലമായ പിച്ചില്‍ ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കും.

പകരംവീട്ടാനെത്തുന്ന കേരളം ഈ കണക്കുകള്‍കണ്ട് ഭയക്കില്ലെന്നാണ് കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫൈനല്‍ തെളിയിച്ചത്. പാര്‍ഥിവ് പട്ടേലടക്കമുള്ള സീനിയര്‍ താരങ്ങളെ കേരളത്തിന്റെ പേസര്‍മാര്‍ എറിഞ്ഞിട്ടത് ചെറിയകാര്യമല്ല. ഗുജറാത്തിനെതിരേ മികച്ച ബാറ്റിങ് കാഴ്ചവെക്കാനും കേരളത്തിനായി. സഞ്ജു സാംസന്റെ പരിക്കാണ് കേരളത്തിന് നിര്‍ണായക മത്സരത്തില്‍ വേദനകൂട്ടിയത്. പേസ് ബൗളര്‍മാരുടെ പറുദീസയായിമാറിയ കൃഷ്ണഗിരിയിലെ പിച്ചിന് ഇക്കുറി മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ജലജ് സക്‌സേന ഫോം കണ്ടെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

Content Highlights: ranji trophy semi final kerala look to continue dream run against defending champs vidarbha