ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയുടെ ജൈത്രയാത്രയ്ക്ക് ഡല്‍ഹിയുടെ ചെക്ക്. അവസാന ദിനം 347 റണ്‍സ് വിജയലക്ഷ്യം കുറിച്ച് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത വിദര്‍ഭയുടെ കണക്കുകൂട്ടല്‍ തെറ്റി. 73 ഓവറില്‍ 347 റണ്‍സടിച്ച് ഡല്‍ഹി ജയം പിടിച്ചെടുത്തു. മൂന്നുവര്‍ഷത്തിനിടെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ വിദര്‍ഭയുടെ ആദ്യ തോല്‍വിയാണിത്. സ്‌കോര്‍: വിദര്‍ഭ 179, മൂന്നിന് 330 ഡിക്ല. ഡല്‍ഹി 163, നാലിന് 348. 

നിതീഷ് റാണയുടെ (68 പന്തില്‍ 105 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിങ്ങാണ് ഡല്‍ഹിയുടെ ജയം ഉറപ്പിച്ചത്. കുണാല്‍ ചന്ദേല (75), ഹിതന്‍ ദലാല്‍ (82), ധ്രുവ് ഷെറോയ് (44) എന്നിവരും തിളങ്ങി. വിദര്‍ഭയ്ക്കുവേണ്ടി രണ്ടാം ഇന്നിങ്സില്‍ ഗണേഷ് സതീഷ് (100) സെഞ്ചുറി നേടി. അക്ഷയ് വാദ്കര്‍ (70), സഞ്ജയ് രഘുനാഥ് (57) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.

രഞ്ജിയില്‍ അപൂര്‍വവിജയങ്ങള്‍ക്ക് ഉടമയായ വിദര്‍ഭ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിന് സംഭവിച്ച തന്ത്രപരമായ പിഴവുകൂടിയായി ഇത്. കളി സമനിലയായിരുന്നെങ്കില്‍ ആദ്യ ഇന്നിങ്സ് ലീഡ് നേടിയ വിദര്‍ഭയ്ക്ക് മൂന്നുപോയന്റ് കിട്ടുമായിരുന്നു. ഒടുവില്‍ ഡല്‍ഹി ആറു പോയന്റ് സ്വന്തമാക്കി.

 

Content Highlights: Ranji Trophy Roundup Delhi hand Vidarbha their first defeat since 2016