സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബാറ്റിങ് തകർച്ചയുടെ ദിനം തന്നെ. വിദർഭയുടെ ഒന്നാമിന്നിങ്സ് 246 റൺസിലൊതുങ്ങിയപ്പോൾ മറുപടി ബാറ്റിങ് ആംഭിച്ച കേരളത്തിന് രണ്ടാം ദിനം രണ്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.
അഞ്ചു വിക്കറ്റ് പിഴുതെടുത്ത കെ.സി അക്ഷയുടെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെയും ബൗളിങ് മികവിലാണ് കേരളം വിദര്‍ഭയെ 246 റണ്സിനുള്ളിലൊതുക്കിയത്. മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് 32 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. എട്ട് റണ്‍സെടുത്ത മുഹമ്മദ് അസറുദീന്റെയും റണ്ണൊന്നുമെടുക്കാത്ത സന്ദീപ് വാര്യരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ 13 റണ്‍സോടെ ജലജ് സക്സേനയും അഞ്ച് റണ്‍സോടെ രോഹന് പ്രേമുമാണ് ക്രീസിലുള്ളത്.
രണ്ടാം ദിനം മൂന്നിന് 45 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഒരു ബാറ്റ്സ്മാനും ക്രീസില്‍ അധികനേരം പിടിച്ചുനില്ക്കാന് സാധിച്ചിരുന്നില്ല. അര്‍ധസെഞ്ചുറി നേടിയ എവി വാഡ്കറാണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. 50 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ഗണേഷ് സതീഷിന്റെ വിക്കറ്റാണ് വിദര്‍ഭയ്ക്ക് രണ്ടാം ദിനം ആദ്യം നഷ്ടപ്പെട്ടത്. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കേരള ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. ഒരുഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയില്‍ വലിയ തകര്‍ച്ച നേരിട്ട വിദര്‍ഭയെ എവി വാഡ്കറും സര്‍വാതെയുമാണ് 160 കടത്തിയത്. അവസാന വിക്കറ്റില്‍ കേരള ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട യാദവ്-വാക്കറെ സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് വിദര്‍ഭയ്ക്ക് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മത്സരം ഏറെക്കുറെ സമനിലയില്‍ അവസാനിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് നേടാന്‍ സാധിച്ചാല്‍ സെമിയിലേക്ക് യോഗ്യത നേടാം. എട്ടു വിക്കറ്റ് ശേഷിക്കെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാന്‍ കേരളത്തിന് ഇനിയും 215 റണ്‍സ് കൂടി വേണം.
Content Highlights: Ranji Trophy Quarter Final Cricket Kerala vs Vidarbha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..