സൂറത്ത്: രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ ചരിത്ര വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് മികച്ച തുടക്കം. മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തില്‍ വിദര്‍ഭയുടെ മൂന്നു വിക്കറ്റുകള്‍ കേരളം പിഴുതു. 37 റണ്‍സെടുക്കുന്നതിനിടയിലാണ് വിദര്‍ഭയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായത്. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് ഒമ്പതു റണ്‍സിനിടെ തന്നെ ആദ്യ പ്രഹരമേറ്റു. രണ്ടു റണ്‍സെടുത്ത വിദര്‍ഭയുടെ ക്യാപ്റ്റന്‍ ഫസലാണ് ആദ്യം ക്രീസ് വിട്ടത്. ഫസലിനെ നിധീഷ് പുറത്താക്കുകയായിരുന്നു. 23 പന്തില്‍ നിന്നാണ് ഫസല്‍ രണ്ടു റണ്‍സടിച്ചത്.

പിന്നീട് വസീം ജാഫറിന്റെ ഊഴമായിരുന്നു. 27 പന്തില്‍ 12 റണ്‍സ് നേടിയ വസീം ജാഫറിനെ അക്ഷയ് കെ.സിയുടെ പന്തില്‍ അരുണ്‍ കാര്‍ത്തിക് പിടിച്ച് പുറത്താക്കുകയായിരുന്നു. നാല് ഓവറിന് ശേഷം രാമസ്വാമിയും ക്രീസ് വിട്ടു. 64 പന്ത് നേരിട്ട് 17 റണ്‍സടിച്ച രാമസ്വാമിയ അക്ഷയ് കെ.സി പുറത്താക്കുകയായിരുന്നു. 

ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. ഏഴു റണ്‍സ് വീതമടിച്ച ഗണേശ് സതീഷും കരണ്‍ ശര്‍മ്മയുമാണ് ക്രീസില്‍. 

സൂറത്തിലെ ലാലാഭായി കോണ്‍ട്രാക്ടര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്നലെ രാത്രി വരെ മഴ പെയ്തതിനെ തുടര്‍ന്ന് മൈതാനം നനഞ്ഞതാണ് മത്സരം വൈകാന്‍ കാരണം. ഇന്നലെ അന്തരീക്ഷ താപനില 19 ഡിഗ്രിയായിരുന്നു. കൂടാതെ തണുത്ത കാറ്റും വീശുന്നുണ്ട്. 

Content Highlights: Ranji Trophy Quarter Final Cricket Kerala vs Vidarbha