ദിണ്ടിഗല്‍: തമിഴ്നാടും കര്‍ണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് വിയോജിച്ച ഇന്ത്യന്‍ ടെസ്റ്റ് താരം മുരളി വിജയ്ക്ക് പിഴ ശിക്ഷ.

ദിണ്ടിഗലില്‍ നടന്ന മത്സരത്തിന്റെ ആദ്യ ദിനം അമ്പയറുടെ തീരുമാനത്തോട് വിയോജിച്ച തമിഴ്‌നാട് താരത്തിന് മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴയായി വിധിച്ചത്.

ഇന്ത്യന്‍ താരം ആര്‍. അശ്വിനെറിഞ്ഞ 70-ാം ഓവറില്‍ കര്‍ണാടക താരം പവന്‍ ദേശ്പാണ്ഡെയുടെ ക്യാച്ച് അമ്പയര്‍ നിധിന്‍ പണ്ഡിറ്റ് അനുവദിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

വിക്കറ്റ് അനുവദിക്കാത്ത അമ്പയറുടെ തീരുമാനത്തില്‍ നിരാശരായ അശ്വിനും ടീം അംഗങ്ങളും പിച്ചിനു സമീപം നിലയുറപ്പിച്ചു. ഈ സമയത്ത് സ്‌ക്വയര്‍ലെഗ് അമ്പയറായ അനില്‍ ദണ്ഡേക്കര്‍, അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തനായ മുരളി വിജയ്‌ന്റെ കൈ പിടിച്ച് ശാന്തനാക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതേസമയം മത്സരത്തില്‍ തുടര്‍ന്നും തമിഴ്‌നാടിനെതിരായ തീരുമാനങ്ങള്‍ അമ്പയര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടായി.

Content Highlights: Ranji Trophy Murali Vijay fined 10% match fee for showing dissent againt umpire