മുംബൈ: രഞ്ജി ട്രോഫിയിലെ സൂപ്പര്‍ സ്റ്റാര്‍ വസീം ജാഫര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. നാല്‍പ്പത്തിരണ്ടുകാരനായ വസീം ജാഫര്‍ ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2008 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അവസാന മത്സരം കളിച്ചത്. 1996 മുതല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ വസീം ജാഫര്‍ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്.

260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 50.67 ശരാശരിയില്‍ 19,410 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 314 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 1944 റണ്‍സും ഏകദിനത്തില്‍ പത്ത് റണ്‍സുമാണ് സമ്പാദ്യം. 

'സ്‌കൂള്‍ കാലം മുതല്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് വരെയുള്ള കാലഘട്ടത്തില്‍ എന്ന പരിശീലിപ്പിച്ച എല്ലാ പരിശീലകര്‍ക്കും പ്രത്യേകം നന്ദി പറയുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ സെലക്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നു. ഒപ്പം എനിക്ക് ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച സഹതാരങ്ങള്‍ക്കും എന്റെ ക്യാപ്റ്റന്‍മാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. ബി.സി.സി.ഐ, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍,മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരേയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.' വിരമിക്കല്‍ പ്രഖ്യാപിച്ച് വസീം ജാഫര്‍ വ്യക്തമാക്കി. 

'മക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കണമെന്നത് അച്ഛന്റെ സ്വപ്‌നമായിരുന്നു. അദ്ദേത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു, ഇനി ഗ്രൗണ്ടില്‍ നിന്ന് കയറേണ്ട സമയമാണ്. ഇത് ആദ്യ ഇന്നിങ്‌സിന്റെ അവസാനം മാത്രമാണ്. കമന്ററിയും കോച്ചിങ്ങുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങുന്നത് ആലോചിക്കുന്നുണ്ട്.' വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

38-ാമത്തേയും 39-ാമത്തേയും രഞ്ജി ട്രോഫി കിരീടത്തിലേക്ക് മുംബൈയെ നയിച്ചത് വസീം ജാഫറാണ്. 150 രഞ്ജി മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോഡ് കഴിഞ്ഞ വര്‍ഷം വസീം ജാഫര്‍ സ്വന്തമാക്കിയിരുന്നു.

Content Highlights: Ranji Trophy legend Wasim Jaffer announces retirement from all forms of cricket