തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. ആദ്യ ഇന്നിങ്സില്‍ ഏഴു റണ്‍സ് ലീഡ് വഴങ്ങിയ ശേഷം തിരിച്ചുവരവ് നടത്തിയ കേരളം സൗരാഷ്ട്രയെ 309 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.
405 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 95 റണ്‍സിന് കൂടാരം കയറി. നാലു വിക്കറ്റെടുത്ത ജലജ് സക്സേനയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷയും സിജോമോന്‍ ജോസഫുമാണ് സൗരാഷ്ട്രയുടെ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്സില്‍ നാലു വിക്കറ്റെടുത്ത സിജോമോന്‍ ജോസഫ് ഇതോടെ ഏഴു വിക്കറ്റ് സ്വന്തം പേരില്‍ കുറിച്ചു.
സ്കോര്‍: കേരളം-225, 411/6d, സൗരാഷ്ട്ര-232,95
രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന കേരളത്തിന്റെ നാലാമത്തെ വിജയമാണിത്. അഞ്ചു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് കേരളം പരാജയപ്പെട്ടത്. ജയത്തോടെ ആറു പോയിന്റ് നേടിയ കേരളം 24 പോയിന്റുമായി സൗരാഷ്ട്രയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമതെത്തി. സൗരാഷ്ട്രക്ക് 23 പോയിന്റാണുള്ളത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക് ആദ്യം നഷ്ടപ്പെട്ടത് റോബിന് ഉത്തപ്പയുടെ വിക്കറ്റാണ്. 12 റണ്‍സെടുത്ത ഉത്തപ്പയെ സിജോമോന്‍ പുറത്താക്കി. പിന്നാലെ 20 റണ്‍സെടുത്ത സ്നെല്‍ എസ് പട്ടേലും സിജോമോന്റെ പന്തില്‍ ക്രീസ് വിട്ടു.
ഷെല്‍ഡന്‍ ജാക്ക്സണ് 24 റണ്‍സടിച്ചപ്പോള്‍ ജയദേവ് ഷാ 13 റണ്‍സിന് പുറത്തായി. പിന്നീട് വിക്കറ്റുകള്‍ ഓരോന്നായി വീഴുകയായിരുന്നു. അഞ്ചു റണ്‍സെടുക്കുന്നതിനിടയിലാണ് സൗരാഷ്ട്രയുടെ അവസാന അഞ്ചു വിക്കറ്റും പോയത്. നാല് ബാറ്റ്സ്മാന്മാര് അക്കൗണ്ട് തുറക്കുംമുമ്പ് പുറത്തായി.
രണ്ടാമിന്നിങ്സില്‍ 175 റണ്‍സടിച്ച സഞ്ജു സാംസണിന്റെ മികവില്‍ കേരളം ആറു വിക്കറ്റിന് 411 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മൂന്നാം ദിനം ഒരു വിക്കറ്റിന് 69 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കേരളം രണ്ടാം ഇന്നിങ്സില്‍ മികച്ച രീതിയിലാണ് കളിച്ചത്. 12 റണ്‍സെടുത്ത് അസ്ഹറുദ്ദീനെ നാലാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീട് കേരളം തിരിച്ചടിക്കുകയായിരുന്നു. ജലജ് സക്സനേയും രോഹന് പ്രേമും 44 റണ്‍സ് വീതം നേടിയപ്പോള്‍ അരുണ്‍ കാര്‍ത്തിക് 81 റണ്‍സുമായി സഞ്ജുവിന് മികച്ച പിന്തുണ നല്കി. ആദ്യ ഇന്ന്ങ്സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ജഡേജ നാലു വിക്കറ്റുമായി രണ്ടാം ഇന്നിങ്സിലും തിളങ്ങി.
നേരത്തെ കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 225 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 232 റണ്‍സിന് പുറത്താകുകയായിരുന്നു. ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയും സ്നെല്‍ എസ് പട്ടേലുമാണ് സൗരാഷ്ട്രയുടെ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. റോബിന് ഉത്തപ്പ 86 റണ്‍സും പട്ടേല്‍ 49 റണ്‍സുമടിച്ചു. എന്നാല്‍ പിന്നീട് വന്നവരാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നാലു വിക്കറ്റെടുത്ത സിജോമോന്‍ ജോസഫും മൂന്നു വിക്കറ്റു വീഴ്ത്തിയ ബേസില്‍ തമ്പിയും സൗരാഷ്ട്രയുടെ ഇന്നിങ്സിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു.
അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു തന്നെയാണ് ആദ്യ ഇന്നിങ്സിലും കേരളത്തിന്റെ ബാറ്റിങ്ങില്‍ പിടിച്ചുനിന്നത്. 104 പന്തില്‍ 68 റണ്‍സാണ് സഞ്ജു അടിച്ചത്. ആറു വിക്കറ്റ് വീഴ്ത്തിയ ജഡേജ കേരളത്തിന്റെ ഇന്നിങ്സ് 225 റണ്‍സിലൊതുക്കുകയായിരുന്നു.
Content Highlights: Ranji Trophy Kerala vs Saurashtra Sanju Samson
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..