തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരെ കേരളത്തിന് ആധിപത്യം. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കേരളം 309 റണ്‍സ് മുന്നിലാണ്. ആദ്യ ഇന്നിങ്‌സില്‍ ഓള്‍റൗണ്ട് പ്രകടനം കൊണ്ട് തിളങ്ങിയ ജലജ് സക്‌സേന രണ്ടാം ഇന്നിങ്‌സിലും കേരളത്തിന്റെ രക്ഷകനായി. സെഞ്ചുറിയടിച്ച സക്‌സേനയുടെ മികവില്‍ കേരളം രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തിട്ടുണ്ട്.

 എട്ടു റണ്‍സെടുത്ത വിഷ്ണു വിനോദ്, 24 റണ്‍സെടുത്ത രോഹന്‍ പ്രേം എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 72 റണ്‍സുമായി സഞ്ജു വി സാംസണാണ് ജലജ് സക്‌സേനക്കൊപ്പം ക്രീസില്‍.

ആറു വിക്കറ്റിന് 134 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ രാജസ്ഥാന്‍ മൂന്നാം ദിനം 243 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ കേരളത്തിന് ഒന്നാമിന്നിങ്‌സില്‍ 92 റണ്‍സിന്റെ ലീഡ് ലഭിച്ചു. കഴിഞ്ഞ ദിവസം ആറു വിക്കറ്റെടുത്തിരുന്ന ജലജ് സക്‌സേന രണ്ടു വിക്കറ്റു കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു. 62 റണ്‍സെടുത്ത യാഗ്നിക്കാണ് രാജസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. 

ആദ്യ ഇന്നിങ്‌സില്‍ ബാറ്റുകൊണ്ടും ജലജ് സക്‌സേന മികച്ചുനിന്നു. രണ്ടാം വിക്കറ്റില്‍ ജലജ് സക്‌സേന-രോഹന്‍ പ്രേം കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ 160 റണ്‍സാണ് കേരളത്തിന്റെ ഇന്നിങ്സിന് മികച്ച അടിത്തറ നല്‍കിയത്. 

രോഹന്‍ പ്രേം 237 പന്തില്‍ നിന്ന് 86 റണ്‍സെടുത്തും ജലജ് സക്‌സേന 157 പന്തില്‍ നിന്ന് 79 റണ്‍സെടുത്തും പുറത്തായി. പിന്നീട് 78 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 42 റണ്‍സടിച്ച സഞ്ജു വി സാംസണും കേരളത്തിന്റെ സ്‌കോര്‍ 300 കടത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 

ഓപ്പണര്‍ വിഷ്ണു വിനോദിനെ ഒന്നാമത്തെ ഓവറില്‍ തന്നെ കേരളത്തിന് നഷ്ടമായി. രണ്ടു റണ്‍സായിരുന്നു വിഷ്ണുവിന്റെ സമ്പാദ്യം. എട്ടു ഫോറുകളുടേയും രണ്ട് സിക്‌സറുകളുടേയും അകമ്പടിയോടെയാണ് ജലജ് സക്‌സേന 79 റണ്‍സടിച്ചത്. രോഹന്‍ പ്രേമിന്റെ ഇന്നിങ്‌സില്‍ പത്ത് ഫോറുകള്‍ പിറന്നു. രാജസ്ഥാനായി എം.കെ ലോംറോര്‍ നാല് വിക്കറ്റ് വീഴ്ത്തി. 

ഈ സീസണില്‍ ഇത് കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണ്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും സ്വന്തമായ കേരളം ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റുമായി രണ്ടാമതാണ്.