തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് ദയനീയ തോല്‍വി. വെറും ഒന്നര ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്നിങ്‌സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്. ആദ്യ ഇന്നിങ്‌സില്‍ വെറും 90 റണ്‍സിന് പുറത്തായ കേരളം രണ്ടാം ഇന്നിങ്‌സില്‍ 82 റണ്‍സിന് കൂടാരം കയറി. 

സ്‌കോര്‍: കേരളം - 90 & 82, രാജസ്ഥാന്‍ - 268

രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ എസ്.കെ ശര്‍മയാണ് കേരളത്തെ തകര്‍ത്തത്. ഇന്ത്യ എ ടീമിന്റെ ഭാഗമായി ന്യൂസീലന്‍ഡിലേക്കു പോയ സഞ്ജു സാംസണ്‍, സന്ദീപ് വാരിയര്‍, പരുക്കേറ്റ റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി എന്നിവരെ കൂടാതെയിറങ്ങിയ കേരളം പൊരുതുകപോലും ചെയ്യാതെ കീഴടങ്ങുകയായിരുന്നു.

സീസണിലെ നാലാം തോല്‍വിയോടെ കേരളത്തിന്റെ നോക്കൗട്ട് സാധ്യതകള്‍ അസ്തമിച്ചു. കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയ കേരളത്തിന് പക്ഷേ ഇത്തവണ ജയിക്കാനായത് വെറും ഒരു മത്സരത്തില്‍ മാത്രം. അതേസമയം സീസണില്‍ രാജസ്ഥാന്റെ ഏക ജയമാണിത്.

18 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്റെ ടോപ് സ്‌കോറര്‍. രോഹന്‍ പ്രേം (4), വിഷ്ണു വിനോദ് (11), സല്‍മാന്‍ നിസാര്‍ (13), മുഹമ്മദ് അസ്ഹറുദ്ദീന്‍ (9), അക്ഷയ് ചന്ദ്രന്‍ (2), ജലജ് സക്‌സേന (14) എന്നിവരെല്ലാം നിശാരപ്പെടുത്തി. പരിക്കേറ്റ രോഹന്‍ കുന്നുമ്മല്‍ ബാറ്റിങ്ങിന് ഇറങ്ങിയില്ല.

ഒന്നാം ഇന്നിങ്‌സില്‍ 268 റണ്‍സെടുത്ത രാജസ്ഥാന്‍ 178 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഓപ്പണര്‍ വൈ.ബി കോത്താരി (92), ആര്‍.കെ ബിഷ്‌ണോയ് (67) എന്നിവര്‍ രാജസ്ഥാനു വേണ്ടി അര്‍ധ സെഞ്ചുറി നേടി. ക്യാപ്റ്റന്‍ അശോക് മെനാരിയ (26), എ.ആര്‍ ഗുപ്ത (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

പന്തുകൊണ്ടുള്ള മികച്ച പ്രകടനം തുടരുന്ന കേരളത്തിന്റെ ജലജ് സക്സേന ഏഴു വിക്കറ്റ് വീഴ്ത്തി. എം.ഡി നിധീഷ് രണ്ടു വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് അക്ഷയ് സ്വന്തമാക്കി.

നേരത്തെ അഞ്ചു വിക്കറ്റെടുത്ത എസ്.കെ ശര്‍മ്മയുടെ മികവില്‍ കേരളത്തെ രാജസ്ഥാന്‍ വെറും 90 റണ്‍സിന് പുറത്താക്കിയിരുന്നു. ആറു താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്.

Content Highlights: ranji trophy kerala vs rajasthan day 2