തിരുവനന്തപുരം: ജമ്മു കാശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം വിജയത്തിലേക്ക്. മൂന്നാം ദിവസം സ്റ്റെമ്പെടുക്കുമ്പോള്‍ ജമ്മുകാശ്മീര്‍ 56 റണ്‍സിന് ഏഴു വിക്കറ്റ് എന്ന നിലയിലാണ്. ജമ്മുവിന്റെ മൂന്നു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ കേരളത്തിന് രഞ്ജിയില്‍ ഈ സീസണില്‍ മൂന്നാമത്തെ വിജയം സ്വന്തമാക്കാം.
തിരുവനന്തപുരം തുമ്പ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 181 റണ്‍സ് പിറകിലാണ് ജമ്മു കാശ്മീര്‍. 238 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മു തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭം ഖജൂരിയ പുറത്തായി. തുടര്‍ന്നങ്ങോട്ട് തുടര്‍ച്ചയായി ഓരോരുത്തരായി ക്രീസ് വിട്ടു. ജമ്മുവിന്റെ അഞ്ചു ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ നിധീഷ്, സിജോമോന്‍ ജോസഫ്, അക്ഷയ് കെ.സി എന്നിവരാണ് ജമ്മുവിന്റെ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. അഞ്ചു റണ്‍സുമായി ആസിഫ് ഖാനും റണ്‍സൊന്നുമെടുക്കാതെ ആമിര്‍ അസീസുമാണ് ക്രീസില്‍.
നേരത്തെ 46 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 191 റണ്‍സിന് പുറത്തായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ പര്‍വേസ് റസൂലിന്റെ മികവിലാണ് ജമ്മു കേരളത്തെ ചെറിയ സ്കോറിലൊതുക്കിയത്. 58 റണ്‍സടിച്ച രോഹന് പ്രേം മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
സഞ്ജു വി സാംസണിന്റെ സെഞ്ചുറി മികവില്‍ ആദ്യ ഇന്നിങ്സില്‍ 219 റണ്‍സ് കേരളം അടിച്ചപ്പോള്‍ ജമ്മു 173 റണ്‍സിന് എല്ലാവരും പുറത്തായി. കേരള ബൗളര്‍മാരായ അക്ഷയ്, ജലജ് സക്സേന, സിജോമോന്‍ ജോസഫ് എന്നിവരുടെ കിടയറ്റ ബൗളിങ്ങാണ് കേരളത്തിന് ആദ്യ ഇന്നിങ്സില്‍ മേല്‍ക്കൈ നല്‍കിയത്. അക്ഷയ് നാലും ജലജും സിജോമോനും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.
ജമ്മു കശ്മീര്‍ നിരയില്‍ ആര്‍ക്കും അര്‍ധസെഞ്ചുറി തികയ്ക്കാനായില്ല. 84 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ശുഭം ഖജൂരിയയാണ് ടോപ് സ്കോറര്‍. ബന്ദീപ് സിങ് 39 ഉം ഓപ്പണര്‍ അഹമദ് ഒമര്‍ ബാന്‍ഡെ 35 ഉം റണ്‍സെടുത്തു.
Content Highlights: Ranji Trophy, Kerala-Jammu Kashmir Ranji Trophy Cricket, kerala cricket, mathrubhumi, sports news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..