Rohan Premമുംബൈ: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും സമനില. ഗോവക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡോടെ സമനില നേടിയ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു. 

കേരളം മുന്നോട്ടുവെച്ച 325 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗോവ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തു നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 56 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാമിന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്ത് നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

151 റണ്‍സടിച്ച ക്യാപ്റ്റന്‍ സഗുന്‍ കാമത്താണ് രണ്ടാമിന്നിങ്‌സില്‍ ഗോവക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. കേരളത്തിന്റെ ഇഖ്ബാല്‍ അബ്ദുള്ള നാല് വിക്കറ്റ് വീഴ്ത്തി. 68 റണ്‍സടിച്ച മുഹമ്മദ് അസ്ഹറുദ്ദീന്റെയും 71 റണ്‍സ് നേടിയ രോഹന്‍ പ്രേമിന്റെയും മികവിലാണ് കേരളം രണ്ടാമിന്നിങ്‌സില്‍ 200 റണ്‍സ് കടന്നത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി കണ്ടെത്തിയിരുന്ന രോഹന്‍ പ്രേം മികച്ച ഫോമിലാണ് കളിക്കുന്നത്. 

സ്‌കോര്‍: കേരളം-342, 268/8d
ഗോവ-286,279/5