മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്കെതിരെ കേരളത്തിന് ഒന്നാമിന്നിങ്സില്‍ 56 റണ്‍സ് ലീഡ്. കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 342 റണ്‍സിനെതിരെ ഗോവ 286 റണ്‍സിന് പുറത്തായി. രണ്ടാമിന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 210 റണ്‍സിന് മുന്നിലാണ്. രോഹന്‍ പ്രേം (60), മുഹമ്മദ് അസ്ഹറുദ്ദീന്‍ (56) എന്നിവരാണ് ക്രീസില്‍. സ്‌കോര്‍: കേരളം 342, നാലുവിക്കറ്റിന് 154. ഗോവ: 286.

ആറിന് 169 എന്നനിലയില്‍ മൂന്നാംദിവസം ബാറ്റിങ് തുടര്‍ന്ന ഗോവ ഏഴാംവിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മത്സരത്തിലേക്ക് മടങ്ങിയെത്തി. എട്ടാമനായി ഇറങ്ങി 85 റണ്‍സടിച്ച ശതാബ് ജക്കാട്ടിയുടെ ഇന്നിങ്സാണ് ഗോവയെ തുണച്ചത്. അവസാന മൂന്നുവിക്കറ്റുകളില്‍ അവര്‍ അറുപതിലേറെ റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എങ്കിലും ഒന്നാമിന്നിങ്സ് ലീഡുനേടി നിര്‍ണായകമായ മൂന്നുപോയന്റ് ഉറപ്പിക്കാന്‍ കേരളത്തിനായി. കേരളത്തിനായി വിനോദ് കുമാര്‍ നാലു വിക്കറ്റും സന്ദീപ് വാര്യര്‍ മൂന്നുവിക്കറ്റും വീഴ്ത്തി.ഫാബിദ് അഹമ്മദ്, ഇഖ്ബാല്‍ അബ്ദുള്ള എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അര്‍ധസെഞ്ച്വറികളുമായി പുറത്താകാതെനില്‍ക്കുന്ന രോഹന്‍ പ്രേമും അസ്ഹറുദ്ദീനും മാത്രമാണ് രണ്ടാമിന്നിങ്സില്‍ കേരളത്തിനു വേണ്ടി കാര്യമായി സ്‌കോര്‍ ചെയ്തത്. ഭവിന്‍ തക്കര്‍ (1), വിഷ്ണു വിനോദ് (20), സഞ്ജു സാംസണ്‍ (0), സച്ചിന്‍ ബേബി (6) എന്നിവാരണ് പുറത്തായത്.